
തിരൂരങ്ങാടി : ഹജ്ജിന് പണം വാങ്ങിയ ശേഷം കബളിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ ചെമ്മാട്ടെ ട്രാവൽസ് ഉടമ അഫ്‌സൽ ലീഗിൽ നിന്ന് രാജി വെച്ചു.
കരിപറമ്പ് സ്വദേശിയും ചെമ്മാട് ദാറുൽ ഈമാൻ ട്രാവൽസ് ഉടമയുമായ വി.പി. മുഹമ്മദ് അഫ്‌സൽ ആണ് പാർട്ടിയിൽ നിന്ന് രാജി വെച്ചത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെച്ച് പാർട്ടിക്ക് കത്ത് നൽകിയതായി സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചു.
അഫ്സലിന്റെ ട്രാവൽസ് വഴി ഹജ്ജിന് പണം നൽകിയ 115 പേർക്ക് വിസ ലഭിക്കാതെ കബളിപ്പിക്കപ്പെട്ടത് വലിയ ചർച്ചയായിരുന്നു.
ഈ പശ്ചാത്തലത്തിൽ അഫ്സൽ പാർട്ടിയിൽ വഹിച്ചിരുന്ന സ്ഥാനങ്ങളിൽ നിന്നും അഫ്സലിനെ നേരത്തെ നീക്കം ചെയ്തിരുന്നു.
മുസ്ലിം യൂത്ത് ലീഗ് മുൻ മുൻസിപ്പൽ കമ്മിറ്റി ട്രഷറർ ആയിരുന്ന അഫ്സലിനെ ഹജ്ജ്‌തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി ഉണ്ടായ ഉടനെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നതായി മണ്ഡലം പ്രസിഡന്റ് യു എ റസാഖ് അറിയിച്ചു.
കഴിഞ്ഞ ദിവസം ചെമ്മാട് കരിപറമ്പിലെ അഫ്സലിന്റെ വീടിന് മുമ്പിൽ കബളിക്കപ്പെട്ട ഇരകളുടെ പ്രതിഷേധ സംഗമം നടക്കുകയും അത് വലിയ വാർത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു.
മുസ്ലിം ലീഗ് അഫ്സലിനെ സംരക്ഷിക്കുന്നതായി ആരോപണം ഉയരുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ലീഗിന്റെ പ്രാദേശിക നേതൃത്വം ഇടപെട്ട് രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണറിവായത്.
രാജി നൽകിയ വിവരം അഫ്സലും സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചിരുന്നു.
വീടിന് മുമ്പിൽ സമരം നത്തിയവർക്ക് മറുപടിയുമായി അഫ്‌സൽ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. പണം നഷ്ടപ്പെട്ടവർക്ക് തിരിച്ചു നൽകും എന്നാണ് അതിൽ പറഞ്ഞിരുന്നത്.