
മലപ്പുറം : കേരള വനം വന്യജീവി വകുപ്പ് മലപ്പുറം സാമൂഹ്യവല്‍ക്കരണ വിഭാഗം മലബാര്‍ സ്‌പെഷ്യല്‍ പോലീസുമായി ചേര്‍ന്ന് മേല്‍മുറി എം.എസ്.പി ഫയറിങ് റേഞ്ചില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. എം.എസ്.പി ഫയറിങ് റേഞ്ച് ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി 400 വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. പോലീസ് ട്രെയിനികളുടെ പരിശീലനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ ‘സ്‌കൂള്‍ നഴ്‌സറി യോജന’ പ്രകാരം മൊറയൂര്‍ വി.എച്ച്.എം.എച്ച് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഉത്പാദിപ്പിച്ച തൈകളാണ് നട്ടുപിടിപ്പിച്ചത്. മലപ്പുറം സോഷ്യല്‍ ഫോറസ്റ്റ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിഷ്ണുരാജ് വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.പി. ദിവാകരനുണ്ണി പദ്ധതി വിശദീകരണം നടത്തി. ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് മര്‍സൂക്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.എന്‍. അബ്ദുല്‍ റഷീദ്, വി. വിജയന്‍, പി. സുഹാസ്, സീനിയര്‍ സി.പി.ഒ രാജേഷ് എന്നിവര്‍ പങ്കെടുത്തു.