തിരൂരങ്ങാടി : കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിന്റെ ഇന്നലത്തെ ഇശല്‍ സായാഹ്നം അനുമോദനങ്ങളുടേയും സ്‌നേഹാദരങ്ങളുടേയും ഒരു അവിസ്മരണീയ ദിനമായി മാറി. മാപ്പിള സാഹിത്യ – കലാ സാംസ്‌കാരിക മേഖലക്ക് അമൂല്യമായ സംഭാവനകള്‍ അര്‍പ്പിക്കുകയും മാപ്പിളപ്പാട്ടിനെ ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്നതില്‍ മുഖ്യ പങ്ക് നിര്‍വ്വഹിക്കുകയും ചെയ്ത അതുല്യ പ്രതിഭകളുടെ ജന്മനാടായ തിരൂരങ്ങാടിയുടെ മാപ്പിള കലാ തനിമയേയും മഹത്തായ സാംസ്‌കാരിക പൈതൃക പെരുമയേയും ഏറെ കേട്ടറിഞ്ഞും അതിലേറെ ആസ്വദിച്ചും തന്റെ ഏറെ കാലത്തെ ജീവിത സ്വപ്നങ്ങളുമായി അങ്ങ് ലക്ഷദ്വീപില്‍ നിന്നും കാതങ്ങള്‍ താണ്ടി എത്തിയ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.സി അബ്ദുല്‍ ഹമീദായിരുന്നു തിരൂരങ്ങാടി ചാപ്റ്ററിന്റെ ഇന്നലത്തെ വിശിഷ്ഠാഥിതി.
തിരൂരങ്ങാടിയുടെ മഹിതമായ ചരിത്രകാല സ്മരണകള്‍ ഏറെ ഓര്‍ത്തെടുത്തും ലക്ഷ ദ്വീപിലേതടക്കമുള്ള വിശേഷങ്ങളും സ്‌നേഹ സൗഹൃദങ്ങളും പങ്ക് വെച്ചും പ്രൗഢമായ ചാപ്റ്ററിന്റെ ഇന്നലത്തെ ഇശല്‍ സായാഹ്നത്തില്‍ പ്രഭാഷണ വേദിയിലും കലാ സാംസ്‌കാരിക ചാരിറ്റി പ്രവര്‍ത്തന മേഖലയിലും സംഘാടക രംഗത്തും സ്വദേശത്തും വിദേശത്തുമായി കര്‍മ്മോജ്ജ്വലമായ പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധേയമായ തിരൂരങ്ങാടി ചാപ്റ്ററിന്റെ മുഖ്യ രക്ഷാധികാരി എ.കെ മുസ്തഫയെ പി.സി അബ്ദുല്‍ ഹമീദ്് ആദരിച്ചു.
മാപ്പിള സംഗീത കലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വളര്‍ന്ന് വരുന്ന ഭാവി പ്രതിഭകള്‍ക്കും ഗാനാലാപന രംഗത്തുള്ള പുതുതലമുറക്കും വേണ്ടി തിരൂരങ്ങാടി ചാപ്റ്റര്‍ നടത്തി വരുന്ന പ്രശംസാര്‍ഹമായ പ്രവര്‍ത്തന്നങ്ങളെ പി.സി അബ്ദുല്‍ ഹമീദ് സാഹിബ് അഭിനന്ദിക്കുകയും ചാപ്റ്ററിന്റ കുഞ്ഞു ഗായിക പ്രതിഭാസമായ നുഹ കാസിമടക്കമുള്ളവരെ നേരില്‍ അനുമോദിക്കുകയും ചെയ്തു.
ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് വി.പി മൊയ്തീന്‍ കുട്ടി അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ഭാരവാഹികളായ ഹംസ കൈതകത്ത്, കബീര്‍ കാട്ടിക്കുളങ്ങര, യൂസുഫ് കോറാണത്ത്, മെംബര്‍മാരായ ഹംസ കുറുകത്താണി, അപ്പൂട്ടി മമ്പുറം, ബഷീര്‍ വേങ്ങര, അബൂബക്കര്‍ വെന്നിയൂര്‍, ഷബാന ചെമ്മാട്, അസൈന്‍ ചുള്ളിപ്പാറ, നസീമ ടീച്ചര്‍, മുഹമ്മദ് ഫിനാന്‍, ഫാത്തിമ സന്‍ഹ എന്നിവര്‍ പങ്കെടുത്തു.