
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി എട്ടുമണിക്കാണ് സംഭവം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്ത് എത്തിച്ച കഞ്ചാവാണ് എയര്‍പോര്‍ട്ട് ഇന്റലിജന്‍സും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. കഞ്ചാവ് കൈപ്പറ്റാന്‍ എത്തിയ രണ്ടുപേര്‍ പോലീസ് പിടിയിലായി. യാത്രക്കാരന്‍ ഒളിവിലാണ്. മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍.ബാബു (33) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
അബുദാബിയില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തിലാണ് കഞ്ചാവ് കടത്തിയത്. ട്രോളി ബാഗിലായിരുന്നു കഞ്ചാവ്. 14 കവറുകളിലായാണ് കഞ്ചാവ് ട്രോളിബാഗില്‍ അടുക്കി വെച്ചിരുന്നത്. കടത്തുകാരനില്‍നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്‍ക്കുകയായിരുന്നു റോഷനും റിജിലും. ഇവരാണ് ആദ്യം പൊലീസിന്റെ പിടിയിലായത്. സംശയകരമായ സാഹചര്യത്തില്‍ വിമാനത്താവള പരിസരത്ത് കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കടത്തുകാരന്റെ വിവരം ലഭിച്ചത്. പൊലീസെത്തിയത് മനസ്സിലാക്കിയ കടത്തുകാരന്‍ ടാക്‌സിയില്‍ രക്ഷപ്പെട്ടു. പിന്നീട്, പൊലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ട്രോളി ബാഗ് കാറില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി വിവിധയിടങ്ങളില്‍ പരിശോധന നടക്കുകയാണ്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ തന്നെയുള്ള വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിത്. ബാങ്കോങ്ങില്‍ നിന്നാണ് അബുദാബിയിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.