
തേഞ്ഞിപ്പലം : യു.ജി.സിയുടെ പുതുക്കിയ നിയമാവലിപ്രകാരം ടു ഡിഗ്രി പ്രോഗ്രാമുകള്‍ തുടങ്ങുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. പി. റഷീദ് അഹമ്മദ് കണ്‍വീനറായ സമിതിയില്‍ ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. കെ. പ്രദീപ് കുമാര്‍, ഡോ. പി. സുശാന്ത്, ഡോ. ടി. മുഹമ്മദ് സലീം, ഡോ. സാബു ടി. തോമസ് എന്നിവര്‍ അംഗങ്ങളാണ്. ഒരേ സമയം റഗുലറായോ വിദൂര ഓണ്‍ലൈന്‍ വഴിയോ ഈ രണ്ടു വിഭാഗത്തിലുമായോ ബിരുദപഠനത്തിന് അവസരം നല്‍കുന്നതാണ് ടു ഡിഗ്രി പ്രോഗ്രാം. വയനാട് വൈത്തിരിയിലെ ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ പ്ലസ്ടു യോഗ്യതയില്ലാതെ ബിരുദപ്രവേശനം നേടിയ വിദ്യാര്‍ഥിയുടെ പ്രവേശനത്തിന് അംഗീകാരം നല്‍കേണ്ടെന്ന് യോഗം തീരുമാനിച്ചു. അനധികൃത പ്രവേശനം നല്‍കിയ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാന്‍ സിന്‍ഡിക്കേറ്റിനെ ചുമതലപ്പെടുത്തി. 2014-15 അധ്യയനവര്‍ഷത്തിലാണ് സംഭവം. 2011-ല്‍ ബി.എസ് സി. ഇലക്ട്രോണിക്‌സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥി പരീക്ഷ ജയിക്കും മുന്നേ വ്യാജസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ വിഷയം കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. ജോലി ആവശ്യാര്‍ഥം തയ്യാറാക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് അസല്‍ പരിശോധനക്ക് സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് പുനര്‍മൂല്യനിര്‍ണയത്തിലൂടെ കോഴ്‌സ് ജയിച്ച ഇതേ വിദ്യാര്‍ഥി അസല്‍ ബിരുദ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കുകയായിരുന്നു. ഇയാള്‍ക്ക് ബിരുദം നല്‍കേണ്ടതില്ലെന്നാണ് കൗണ്‍സില്‍ ശുപാര്‍ശ.