ഖേലോ ഇന്ത്യാ യൂണിവേഴ്‌സിറ്റി ഗെയിംസിന് കായികതാരങ്ങള്‍ക്ക് വിമാനയാത്ര അനുവദിച്ച് കാലിക്കറ്റ് സര്‍വകലാശാല. അസമിലെ ഗുവാഹട്ടി, മിസോറാമിലെ ഐസ്വാള്‍ എന്നിവിടങ്ങളിലായി 17 മുതല്‍ 29 വരെ നടക്കുന്ന ഖേലോ ഇന്ത്യാ ഗെയിംസിലെ ടീം ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലുമായി യോഗ്യത നേടിയ 145 കായിക താരങ്ങള്‍ക്കും 21 സപ്പോര്‍ട്ടിങ് ഒഫീഷ്യലുകള്‍ക്കും വിമാന യാത്ര അനുവദിച്ചാണ് കാലിക്കറ്റിന്റെ മാതൃക.
വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, അഡ്വ. പി.കെ. ഖലീമുദ്ധീന്‍, കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, എന്നിവരുടെ നേതൃത്വത്തിലാണ് ചരിത്ര തീരുമാനം. 18 ലക്ഷത്തോളം രൂപയാണ് ചെലവ്. അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ മത്സരങ്ങളില്‍ ആദ്യ എട്ടു സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ടീമുകള്‍ക്കും വ്യക്തിഗത ഇനങ്ങളില്‍ ആദ്യ എട്ടു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കുമാണ് ഖേലോ ഇന്ത്യാ ദേശീയ മത്സരത്തിന് അവസരം.
രാജ്യത്തെ മികച്ച കായികതാരങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുവാന്‍ യോഗ്യരായ കായികതാരങ്ങള്‍ക്ക് മികച്ച രീതിയിലുള്ള യാത്രാസൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വരും വര്‍ഷങ്ങളിലും ഇത് തുടരുവാനാണ് തീരുമാനമെന്നു വി.സി. പറഞ്ഞു. കേരളത്തില്‍ ഇതാദ്യമായാണ് ഒരു സര്‍വകലാശാല മുഴുവന്‍ കായികതാരങ്ങള്‍ക്കും വിമാനയാത്ര നല്‍കുന്നത്. റിസര്‍വേഷന്‍ കിട്ടാതെയുള്ള ട്രെയിന്‍ യാത്രകള്‍ പലപ്പോഴും താരങ്ങളുടെ പ്രകടനത്തെ ബാധിക്കാറുണ്ട്.
18 ഇനങ്ങളിലാണ് ദേശീലതല മത്സരങ്ങള്‍ നടക്കുന്നത്. ഇതില്‍ ഒന്‍പത് ഇനങ്ങളിലേക്ക് കാലിക്കറ്റ് യോഗ്യത നേടിയിട്ടുണ്ട്. കായിക വിഭാത്തിലെ അസി. പ്രൊഫസര്‍ അജ്മല്‍ഖാനാണ് സര്‍വകലാശാലാ ടീമുകളുടെ മാനേജര്‍. ഫിസിയോ: ബെന്നി. സൈക്കോളജിസ്റ്റ്: സ്റ്റാലിന്‍ റാഫേല്‍.