ഗള്‍ഫില്‍ നിന്ന് കൊടിഞ്ഞിയിലേക്ക് ഒരു കത്ത്, ആദ്യം ഒന്നമ്പരന്നു, പിന്നെ ലഭിച്ചത് നഷ്ടപ്പെട്ടു പോയ സുന്ദര നിമിഷങ്ങള്‍

തിരൂരങ്ങാടി : ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് കത്തയച്ചു പഴയ ഓര്‍മ്മകള്‍ പുതുക്കി വ്യത്യസ്തനായി കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശിയായ വാഹിദ് പാലക്കാട്ട്. പഴയ തന്റെ യുഎഇ കാലഘട്ടം അയവിറക്കാന്‍ ഹൃസ്വ സന്ദര്‍ശനം നടത്തവേയാണ് ഭാര്യക്കും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നവ്യാനുഭമാക്കി കത്തുകള്‍ അയച്ചത്.

ഒബില്ലാഹി തൗഫീഖില്‍ തുടങ്ങി …. ഇരു കൈയ്യും മുഖവും മുത്തി മണത്ത് സലാമില്‍ അവസാനിക്കുന്ന പഴയ ശൈലിയിലുള്ള ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കത്ത് കിട്ടിയ എല്ലാവരും ആദ്യം തെല്ലൊന്നമ്പരന്നെങ്കിലും പിന്നീട് ആ ഓര്‍മ്മകളിലേക്ക് ഊളിയിട്ടിറങ്ങി. പിന്നീട് ഫേസ്ബുക്കിലൂടെയും മറ്റു സോഷ്യല്‍ മീഡിയയിലൂടെയും അവര്‍ അത് ആവോളം ആസ്വദിച്ചു.

പലര്‍ക്കും ഇത് ഒരു പുത്തന്‍ അനുഭവമായിരുന്നു. പല പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇങ്ങിനെയൊരെഴുത്ത് കൈപ്പറ്റുന്നത്. ഗള്‍ഫില്‍ നിന്ന് കൂട്ടുകാരന്‍ വാഹിദ് അയച്ചതാണ്. അത് വാങ്ങിയപ്പോള്‍ മനസ് കുറേ കാലം പിറകോട്ട് പാഞ്ഞു.എയര്‍ മെയിലിന്റെ നീലയും ചുവപ്പും വരകള്‍ ഹൃദയത്തില്‍ നിന്ന് അണമുറിഞ്ഞു. കത്തുകള്‍ കാത്ത് കാലത്ത് തോണിയേറിപ്പടിയില്‍ അക്ഷമയോടെ പോസ്റ്റ്മാനെ പ്രതീക്ഷിച്ച് നിന്നിരുന്ന കാലമോര്‍ത്തുവെന്ന് കത്ത് ലഭിച്ച വാഹിദിന്റെ സുഹൃത്തുക്കളില്‍ ഒരാളായ ഗഫൂര്‍ കൊടിഞ്ഞി സമൂഹമാധ്യമത്തില്‍ പങ്കുവെക്കുന്നു.

ഇത് ഒരാളുടെ മാത്രം കാര്യമല്ല. പലരുടെയും കാര്യം ഇങ്ങനെയാണ്. സാങ്കേതിക വിദ്യകള്‍ വളര്‍ന്നു. മൊബൈല്‍ ഫോണുകളുടെ വരവോടെ തല മുറ എഴുത്തില്‍ നിന്നും മൊബൈല്‍ സന്ദേശങ്ങിലേക്കും ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റ ഗ്രാം തുടങ്ങി സമൂഹ മാധ്യമങ്ങളിലേക്കും വ്യാപിച്ചപ്പോള്‍ പലര്‍ക്കും അക്ഷരാര്‍ത്ഥത്തില്‍ നഷ്ടമായത് ഇത്തരം അനുഭവങ്ങളാണ്. കത്തിനായി കാത്തു നിന്നവരില്‍ നിന്ന് വിരല്‍ തുമ്പിലേക്ക് സന്ദേശങ്ങള്‍ എത്തുന്നു.

കത്ത് നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന കാലം അതി വിദൂരമൊന്നുമല്ല. രണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ പിറകോട്ട് സഞ്ചരിച്ചാല്‍ അത് നമ്മുടെ ആദാന പ്രധാനങ്ങളില്‍ വഹിച്ച പങ്കിനെ ഓര്‍ത്ത് നാം വിസ്മയിക്കും. വിവരങ്ങളും വര്‍ത്തമാനങ്ങളും അറിയാന്‍ അന്ന് മറ്റൊരു മാര്‍ഗ്ഗമില്ല.അതുകൊണ്ടു തന്നെ കത്തുകളെ ചുറ്റിപ്പറ്റി എത്രയോ ഓര്‍മ്മകള്‍ പഴയ ആളുകളിലേക്ക് കടന്നു വരും എന്നതിലും സംശയമില്ല. എന്നാല്‍ അത്തരം കാലത്തില്‍ നിന്നും പുതു തലമുറ മാറിയതോടെ ഇത്തരം അനുഭവങ്ങളും അന്യം നിന്നു. പോസ്റ്റ് മാനെ കാണുക തന്നെ വിരളം.

അത് കൊണ്ട് തന്നെ കത്ത് കിട്ടിയപ്പോള്‍ അമ്പരപ്പിനൊപ്പം പഴയകാലത്തിലേക്കുള്ള ഒരു ഊളിയിടല്‍ കൂടിയായിരുന്നു വാഹിദിന്റെ സുഹൃത്തുക്കള്‍ക്ക് ആ നിമിഷം. പലരും വാഹിദിന് നന്ദി പറയുകയാണ് ആ പഴയകാലം ഓര്‍മിപ്പിച്ചതിന്.

കത്തിലെ ചിലത് താഴെ കൊടുക്കുന്നു

ഒബില്ലാഹി തൗഫീഖ്

മുത്ത് ഹബീബെ… ഈ കത്ത് കോപ്പിയെടുത്ത് എല്ലാവര്‍ക്കും എത്തിക്കണം. കായിക്കാര്യാക്കണ്ടട്ടോ….

എത്രയും പ്രിയപ്പെട്ട എന്റെ ചങ്ങായിയോള് എന്ന് തുടങ്ങി കൂട്ടുകാരുടെ പേരും എഴുതിയ ശേഷം തുടങ്ങുന്ന കത്തില്‍ പറയുന്നത് ഇങ്ങനെ

താഴത്തങ്ങാടിയിലെ എല്ലാവരും അറിയാന്‍ ഏറെ പിരിശപ്പെട്ട നിങ്ങളുടെ സ്‌നേഹിതന്‍ അബ്ദുല്‍ വാഹിദ് എഴുതുന്നത്.

അസ്സലാമു അലൈക്കും

എന്തെന്നാല്‍ എനിക്ക് ഇവിടെ സുഖം തന്നെ. അതുപോലെ നിങ്ങളെ ഏവരെയും കരുതി സമാധാനിക്കുന്നു ഞാനിവിടെ യുഎഇയില്‍ ഒയലക്കായിയും അറത്ത് പലസ്ഥലത്തായി പലരുടെ കൂഫയിലും തക്കാരത്തിലുമായി യുഎഇയുടെ വള പണത്തിലും മറ്റത്തിലും അന്തംവിട്ട് ഏക്കറ്റ് നടക്കുന്നു. കുറെ നാട്ടുകാരെയും മറ്റും കണ്ടു. നല്ല സ്‌നേഹവും സ്വീകരണവും കിട്ടി. സ്‌നേഹത്തിന് ഡ്യൂട്ടി അടക്കേണ്ടതില്ലല്ലോ അതിനാല്‍ നിങ്ങള്‍ക്ക് വേണ്ടി കരുതി വച്ചിട്ടുണ്ട്. അല്ലാതെ നിങ്ങള്‍ക്ക് വേണ്ടി ഇവിടെ നിന്ന് ടൈഗര്‍ ബാം, കോടാലി തൈലം മീന്‍ ഗുളിക തുര്‍ക്കി ജാം അത്തറ് സ്‌പ്രേ ഒക്കെ വാങ്ങി കൊണ്ടരണമെന്നുണ്ട് പക്ഷേ കായില്ല അതുകൊണ്ട് ഉള്ള ക്കായി ഇവിടുത്തെ ഒന്നിന് അവിടത്തെ 23 ഇരട്ടി ആലോചിക്കുമ്പോഴും പരമാവധി തത്കാരത്തിനും ഒതുക്കി. സുന്നത്ത് നേരെ എടുത്ത് കൂലിപ്പാട് ഉണ്ടാക്കാണ്. പിന്നെ എല്ലാ സാധനങ്ങളും ഇവിടത്തത് അവിടെ തിരൂരില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത് ഒരു കാര്യം മനസ്സിലായി നയിച്ചാല്‍ തയ്യാറാണെങ്കില്‍ എവിടെ ആണെങ്കിലും പണി ഇണ്ട് പക്ഷേ നയിച്ചല്‍ ബുദ്ധിയല്ല എന്നതായി പോയില്ലേ ഇപ്പോഴത്തെ ബളവ്

പിന്നെ ഇപ്പോഴത്തെ കുട്ടികള്‍ ഒക്കെ സൂപ്പര്‍ ആണ് പണ്ട് ഗള്‍ഫെര് ഇവിടെ തീറ്റിയും കൂടി ഒന്നും ബേണ്ടാന്ന് ബെച്ച് കുടുംബത്തിനും ഭാവിക്കും വേണ്ടി ജീവിക്കേര്‍ന്ന്. പക്ഷേ ഇപ്പോള്‍ അന്തസ്സോടെ പൗറഡിച്ചാണ് ബാക്കി ചിന്ത. ആ മാറ്റം ഓരോ റൂമിലും കാണാം. ഒരുപാട് മാറ്റങ്ങള്‍ ണ്ട് ണ്ണി നമ്മളെ സമാവര്‍ ചായയാണ് ഇപ്പോ ഇവിടെ മൂപ്പന്‍. അതുപോലെ കഞ്ഞി പലതരം ചക്ക കൂട്ടാന്‍, ഒണക്കലീന്‍, പയര്‍, ചമന്തി വറത്തരച്ചത്, അച്ചാര്‍, പല ഐറ്റം ബിരിയാണി ഒക്കെയാണ് ഹോട്ടലില്‍ ഫേമസ്. ഞാന്‍ പറഞ്ഞ് എനിക്ക് ഇത്ര വില കൂടിയതൊന്നും മാണ്ട ബല്ല മന്തി, അല്‍ഫാം, ഷവായ, ഫത്തായര്‍ ഒക്കെ മതീന്ന്. ( ആരെയും ബുദ്ധിമുട്ടിക്കണ്ടല്ലോ.. ഞാന്‍ ആരാ മോന്‍ ) ഏതായാലും പോരാന്‍ തോന്നൂല പക്ഷെ നല്ലോണം കായി മാണം അല്ലെങ്കില്‍ നയിച്ചണം. നയിച്ചാല്‍ കായി കിട്ടും. പണ്ട് മൊയ്ദു പറഞ്ഞ പോലെ ഏതു ചെത്തല പട്ടിക്കും കിട്ടും അവിടുത്തെ കലക്ടറെ കാള്‍ ശമ്പളം. 23 ഇരട്ടിയുണ്ട് ണ്ണി. പക്ഷേ പുണ്യം ചെയ്താല്‍ 70000 എരട്ടി ന്ന് കേട്ടിട്ട് കൂസലില്ലാത്ത ഞമ്മക്ക് എന്ത് 23 എരട്ടി.

ങ്ങക്കൗടെ സൊഗല്ലേ… ഇന്നൊക്കെ മറന്നോ.. കല്യാണം തക്കാരം, മുച്ചീട്ടും ഒയലക്കായിം ഒക്കെ ഉസാറായി നടക്ക് ണില്ല്യേ. ഇഞ്ഞിപ്പൊ യോഗല്ലേ വരണത്. അതോടെ താടിയും സലാമത്താകും. ഒക്കെ നീളം നിന്നാമത്യാര്‍ന്ന്. എന്തായാലും ഞമ്മളെ മുറാദോക്കെ അള്ളാഹു ഹാസിലാക്കട്ടെ. ആമീന്‍ എല്ലാവരെയും കൈ മുത്തി മണത്തു സലാം

അബ്ദുള്‍ വാഹിദ് പാലക്കാട്ട് ഒപ്പ് അസ്സലാമു അലൈക്കും മറുപടി നേരിട്ട്

error: Content is protected !!