മലപ്പുറത്ത് ലൈഫ് പദ്ധതി പ്രകാരമുള്ള വീട് ലഭിച്ചതിന് വീട്ടമ്മയില്‍ നിന്നും കൈക്കൂലി ; വിഇഒ വിജിലന്‍സ് പിടിയില്‍

മലപ്പുറം: മലപ്പുറം വഴിക്കടവില്‍ ലൈഫ് പദ്ധതി പ്രകാരമുള്ള വീട് ലഭിച്ചതിന് വീട്ടമ്മയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എകസ്റ്റന്‍ഷന്‍ ഓഫീസര്‍ പിടിയില്‍. വഴിക്കടവ് വിഇഒ നിജാഷിനെയാണ് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം പിടികൂടിയത്. ചുങ്കത്തറ സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ ആണ് നടപടി.

സ്ഥലവും വീടും ലഭിച്ചതിന്റെ രേഖകള്‍ ശരിയാക്കുന്നതിനാണ് നിജാഷ് വീട്ടമ്മയോട് കൈക്കൂലി ആവശ്യപ്പെട്ടത്. വീട് നിര്‍മ്മാണത്തിനുള്ള ആദ്യ ഗഡുവായ നാല്‍പ്പതിനായിരം രൂപ ലഭിക്കുമ്പോള്‍ 20000 രൂപ നല്‍കണമെന്നായിരുന്നു നിര്‍ദേശം. ആദ്യ ഘട്ടമായി പതിനായിരം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് വീട്ടമ്മ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് കൈമാറിയ പതിനായിരം രൂപ വീട്ടമ്മ വിഇഒക്ക് നല്‍കുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

error: Content is protected !!