മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു. താനൂരില്‍ നടക്കുന്ന ജില്ലാ സമ്മേളനമാണ് ഇ എന്‍ മോഹന്‍ദാസിന് പകരം വി പി അനിലിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവില്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ചെയര്‍മാനുമാണ്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റംഗവുമായിരുന്നു. കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സഹകരണ കണ്‍സോര്‍ഷ്യം പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിയാന്‍ നിലവിലെ ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് തയ്യാറായതോടെയാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. പൊന്നാനി നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചു പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഥ നടത്തിയതിനെ തുടര്‍ന്നു തരംതാഴ്ത്തപ്പെട്ട ടി.എം.സിദ്ദിഖ് ജില്ലാ കമ്മിറ്റിയിലേക്കു തിരിച്ചെത്തി. 12 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 38 അംഗങ്ങളാണ് ജില്ലാ കമ്മിറ്റിയിലുള്ളത്.
സിപിഐ എം മലപ്പുറം ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം വൈകുന്നേരം താനൂര്‍ ചീരാന്‍കടപ്പുറം നഗറില്‍ നടക്കും. വൈകിട്ട് മൂന്നിന് ഹാര്‍ബര്‍ പരിസരത്തുമാണ് ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ച് ആരംഭിക്കുന്നത്. 5000ത്തിലേറെ വളണ്ടിയര്‍മാര്‍ മാര്‍ച്ചില്‍ അണിനിരക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് നടക്കുന്ന പൊതുപ്രകടനം ബീച്ച് റോഡ് പരിസരത്തെ മൈതാനിയില്‍ നിന്നും ആരംഭിക്കും. വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, തവനൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നുമുള്ള ബഹുജനങ്ങള്‍ മാത്രമാണ് പൊതുപ്രകടനത്തില്‍ പങ്കാളികളാകുന്നത്.
വൈകീട്ട് 5.30ന് സീതാറാം യെച്ചൂരി നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കും.