വിവാഹം കഴിഞ്ഞിട്ട് 10 മാസം, വീഡിയോയും ആല്‍ബവും നല്‍കിയില്ല ; കക്കാട് സ്വദേശിയുടെ പരാതിയില്‍ വെഡ്ഡിഗ് ഫോട്ടോഗ്രാഫി കമ്പനിക്ക് പിഴ

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : വിവാഹ ആല്‍ബവും വീഡിയോയും നല്‍കിയില്ലെന്ന കക്കാട് സ്വദേശിയുടെ പരാതിയില്‍ വെഡ്ഡിംഗ് ഫോട്ടോഗ്രഫി കമ്പനിക്ക് പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. കക്കാട് മലയില്‍ വീട്ടില്‍ ശ്രീകുമാറിന്റെ പരാതിയില്‍ പത്തനംതിട്ടയിലെ വെഡ് ടെയില്‍സ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിക്ക് 50,000 രൂപയാണ് പിഴയീടാക്കിയത്.

ശ്രീകുമാറിന്റെ വിവാഹം കഴിഞ്ഞിട്ട് പത്ത് മാസമായി. ശ്രീകുമാറിന്റെയും അളകയുടെയും വിവാഹത്തിന്റെ ആല്‍ബവും വീഡിയോയും തയ്യാറാക്കുന്നതിന് വെഡ് ടെയില്‍സ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയെ ഏല്‍പ്പിച്ചിരുന്നു. 1,10,000 രൂപക്ക് രണ്ടും തയ്യാറാക്കി കൊടുക്കാനായിരുന്നു കരാര്‍. അതുപ്രകാരം ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു. എന്നാല്‍ വിവാഹം കഴിഞ്ഞ് 10 മാസം പിന്നിട്ടിട്ടും ആല്‍ബവും വീഡിയോയും നല്‍കാത്തതിനെ തുടര്‍ന്നാണ് ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്.

ഒരു മാസത്തിനകം ആല്‍ബവും വീഡിയോയും പരാതിക്കാരന് നല്‍കണമെന്നും വീഴ്ച്ച വരുത്തിയതിന് 50,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 5,000 രൂപയും നല്‍കണമെന്ന് ഉത്തരവില്‍ പറഞ്ഞു. ആല്‍ബവും വീഡിയോയും നല്‍കാന്‍ കഴിയാത്തപക്ഷം രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റേതാണ് വിധി. ഒരു മാസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം വിധിപ്രകാരമുള്ള സംഖ്യക്ക് ഒമ്പത് ശതമാനം പലിശ നല്‍കണം എന്നും ഉത്തരവില്‍ പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!