കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ചു പുറത്തെത്തിയ യുവതി പൊലീസ് പിടിയില്‍ ; കരിപ്പൂരില്‍ 80 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റഡിയില്‍

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും 80 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ്ണവുമായി യുവതി മലപ്പുറം പോലീസിന്റെ പിടിയില്‍. അബൂദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കോഴിക്കോട് കുന്നമംഗലം സ്വദേശിനി ഷമീറ എന്ന യാത്രക്കാരിയെയാണ് 1.34 കിലോഗ്രാം സ്വര്‍ണ്ണം സഹിതം പോലീസ് കസ്റ്റഡിയിലെടുത്തത്. ഷമീറയില്‍ നിന്നും സ്വര്‍ണ്ണം സ്വീകരിക്കാനെത്തിയ റിഷാദ്, ജംഷീര്‍ എന്നിവരാണ് ആദ്യം പോലീസിന്റെ വലയിലാവുന്നത്. ശേഷം ഷമീറയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങളെ മറികടന്നാണ് ഷമീറ എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്. ഷമീറയുടെ ദേഹപരിശോധനയിലാണ് വസ്ത്രത്തില്‍ നിന്നും സ്വര്‍ണ്ണമടങ്ങിയ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തിയത്. മൂന്ന് പാക്കറ്റുകള്‍ക്കും കൂടി 1340 ഗ്രാം തൂക്കമുണ്ട്. ഇന്നത്തെ മാര്‍ക്കറ്റ് റേറ്റനുസരിച്ച് അഭ്യന്തര വിപണിയില്‍ 80 ലക്ഷത്തിലധികം രൂപ വിലവരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂര്‍ എയര്‍പോട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന ഏട്ടാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.

error: Content is protected !!