സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് തദ്ദേശ സ്ഥാപന തലത്തിലുള്ള ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് വനിത കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. കൊല്ലം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.
ജാഗ്രതാ സമിതികള്‍ക്കുള്ള പരിശീലനം വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ നടത്തിവരുകയാണ്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള നിയമമുണ്ട്. കൃത്യമായി ജോലി ചെയ്യുന്ന സ്ത്രീകളെ പോലും മാനസിക പീഡനത്തിന് ഇരയാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതു സംബന്ധിച്ച് പരാതികള്‍ ലഭിക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ അതത് സ്ഥാപനങ്ങളിലെ ഇന്റേണല്‍ കമ്മിറ്റി പരിശോധിക്കണം.
പ്രായമായ അമ്മമാരെ മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന പരാതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് ശിപാര്‍ശ ചെയ്യും. ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിച്ചു വരുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിന് കൗണ്‍സിലിംഗ് ഫലപ്രദമാണ്. വനിതാ കമ്മിഷനില്‍ സൗജന്യമായി കൗണ്‍സിലിംഗ് നല്‍കുന്നതിന് സംവിധാനമുണ്ട്. മികച്ച പ്രവര്‍ത്തനം നടത്തുന്ന ജാഗ്രതാ സമിതിക്ക് 50,000 രൂപയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കുമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.
അഡ്വ. ബെച്ചി കൃഷ്ണ, അഡ്വ. ശുഭ, അഡ്വ. ജെ. സീനത്ത് ബീഗം, അഡ്വ. ഹേമ എസ് ശങ്കര്‍, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത, എസ് ഐ അനിത റാണി തുടങ്ങിയവര്‍ പങ്കെടുത്തു. സിറ്റിങ്ങില്‍ ആകെ 80 കേസുകള്‍ പരിഗണിച്ചു. 18 കേസുകള്‍ തീര്‍പ്പാക്കി. നാല് കേസുകള്‍ റിപ്പോര്‍ട്ടിന് അയച്ചു. 58 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.