
താനൂര്‍: താനൂരില്‍ മുന്‍ഭാര്യയേയും മാതാപിതാക്കളേയും രാത്രി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്നലെ രാത്രി ഏഴരയോടെ താനാളൂര്‍ കെപുരം പൊന്നാട്ടില്‍ പ്രദീപ് (38) താനൂര്‍ സ്റ്റേഷനിലെത്തി സംഭവം അറിയിക്കുകയായിരുന്നു. മുന്‍ ഭാര്യ മൂലക്കല്‍ സ്വദേശിനി രേഷ്മ (30), പിതാവ് വേണു (55), അമ്മ ജയ (50) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. മൂന്നു പേരേയും കമ്പിവടി കൊണ്ട് തലയിലും ശരിരത്തും അടിച്ചാണ് പ്രദീപ് പരിക്കേല്‍പ്പിച്ചിട്ടുള്ളത്.
മൂലക്കല്‍ ചേന്ദന്‍കുളങ്ങര റോഡില്‍ വെച്ചാണ് രേഷ്മക്കും വേണുവിനും നേരെ ആക്രമണമുണ്ടായത്. പൊലീസെത്തുമ്പോഴേക്ക് ഇവരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് നാട്ടുകാരോടൊപ്പം പൊലീസ് രേഷ്മയുടെ വീട്ടിലെത്തിയപ്പോളാണ് ജയയെ ചോരയൊലിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ ഇവരെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രതി പൊലീസ് കസ്റ്റഡിയിലാണ് ഉള്ളത്.