മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വ്യാജ പോക്‌സോ കേസില്‍ കുടുക്കിയ യുവാവിനെ എട്ട് വര്‍ഷത്തിന് ശേഷം കുറ്റ വിമുക്തനാക്കി കോടതി. പ്രതിയുമായി തനിക്ക് ബന്ധം ഉണ്ടായിരുന്നുവെന്നും അതില്ലാതാക്കാന്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കേസ് നല്‍കിയതെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് താനെ പ്രത്യേക കോടതി പ്രതിയെ വിട്ടയച്ചത്. ജഡ്ജിയായ ഡി എസ് ദേശ്മുഖാണ് പ്രതിയെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. പെണ്‍കുട്ടി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നു കോടതിയ്ക്ക് ബോധ്യമായെന്നും പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി പറഞ്ഞു.
15 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ പ്രതി 45 ദിവസത്തോളം ശല്യം ചെയ്‌തെന്നാണ് വാദിഭാഗം കോടതിയില്‍ പറഞ്ഞത്. 2016 ഒക്ടോബര്‍ 14 ന് രാവിലെ 11.45 ഓടെ വഴിയില്‍ തടയുകയും ചെയ്‌തെന്നും പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചതിനെത്തുടര്‍ന്ന് ബന്ധുവായ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. തന്നോടൊപ്പം ബൈക്കില്‍ കയറാന്‍ പ്രതി നിര്‍ബന്ധിച്ചതായി പെണ്‍കുട്ടി പറഞ്ഞുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. പീഡനം, ശല്യം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ മറ്റ് പോക്‌സോ വകുപ്പുകളും പ്രതിയ്ക്ക് മേല്‍ ചുമത്തിയിരുന്നു.
പെണ്‍കുട്ടിയുടെയും പിതാവിന്റെയും മൊഴിയെ മാത്രം അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്, എന്നാല്‍ വിചാരണയില്‍ ഈ ആരോപണങ്ങളില്‍ വൈരുധ്യം ഉണ്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പ്രതി കുറ്റക്കാരാണെന്ന് സ്ഥാപിക്കാന്‍ മതിയായ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.