
തേഞ്ഞിപ്പലം : ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും ക്യാമ്പസ് യൂണിറ്റിന് കീഴിൽ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു വരികയാണ് എസ്എസ്എഫ്. അനുബന്ധമായി സൗഹൃദ സംഗമങ്ങളും സൗഹൃദ ചർച്ചകളും സംഘടിപ്പിക്കുന്നതോടൊപ്പം മുഴുവൻ വിദ്യാർത്ഥികൾക്കും ഗ്രാൻഡ് ഇഫ്താറുകളും നടന്നു വരുന്നു . ഗ്രാൻഡ് ഇഫ്താർ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജിൽ എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി അബ്ദുള്ള ബുഖാരി നിർവഹിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റമീസ് കണ്ണൂർ വിഷയാവതരണം നടത്തി. നിലവിൽ മലപ്പുറം ജില്ലയിലെ വ്യത്യസ്ത ക്യാമ്പസുകളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് റമദാൻ ഒന്നുമുതൽ 30 വരെ എല്ലാ ദിവസവും അത്താഴം, നോമ്പുതുറ എന്നിവ കഴിഞ്ഞ 10 വർഷത്തോളമായി എസ് എസ് എഫ് നൽകി വരുന്നു. അതത് പ്രദേശത്തെ എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകരുടെ സഹകരണത്തോടെയാണ് വ്യത്യസ്ത വീടുകളിൽ നിന്ന് സംഘടിപ്പിച്ചാണ് വിദ്യാർത്ഥികൾക്ക് നൽകി വരുന്നത്.
എൻജിനീയറിങ്, മെഡിക്കൽ, എൻട്രൻസ് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ വലിയ ആശ്വാസമാവുകയാണ് ഇഫ്താർ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ഉദ്ഘാടന സംഗമത്തിൽ എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഉവൈസ് അധ്യക്ഷത വഹിച്ചു ആബിദ് തിരൂരങ്ങാടി സ്വാഗതവും സ്വാദിഖ് തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു