Thursday, September 3

തിരൂരങ്ങാടി മണ്ഡലം നവകേരള സദസ്സ് ; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു

പരപ്പനങ്ങാടി: നവകേരള സദസ്സിന്റെ ഭാഗമായി നടക്കുന്ന തിരൂരങ്ങാടി മണ്ഡലം ജനസദസ്സിന്റെ വേദിയായ പരപ്പനങ്ങാടി അവുക്കാദര്‍ക്കുട്ടി നഹ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

അയ്യായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമൊരുക്കും. സമീപത്തെ ഒഴിഞ്ഞ സ്ഥലങ്ങള്‍ വാഹനപാര്‍ക്കിങ്ങിനായി ഉപയോഗപ്പെടുത്തും. പ്രദേശത്തിന്റെ വികസന കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസരമുണ്ടാകും. പരാതികള്‍ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകളുടെ 20 ഓളം കൗണ്ടറുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു.

ജില്ലാകലക്ടര്‍ വി.ആര്‍. വിനോദ്, ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ്, ഡി.വൈ.എസ്.പി. വി.വി. ബെന്നി, സംഘാടക സമിതി ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, വി.പി.സോമസുന്ദരന്‍, നഗരസഭാ ചെയര്‍മാന്‍ എ. ഉസ്മാന്‍, തഹസില്‍ദാര്‍ പി. മുഹമ്മദ് സാദിഖ്, മറ്റു ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും സംബന്ധിച്ചു.