Thursday, October 29

നവകേരള സദസിനെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ കേസ്

തൃത്താല : നവകേരള സദസിനെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള യാത്രയെയും നവകേരള സദസ്സിനെയും വിമര്‍ശിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ.ഫാറൂഖിനെതിരെ കലാപാഹ്വാനത്തിനാണ് തൃത്താല പൊലീസ് കേസെടുത്തിരിക്കുന്നത്. നവകേരള സദസിനെ ‘ട്രോളി’ ‘ആലിബാബയും 41 കള്ളന്‍മാരും’ എന്ന തലക്കെട്ടില്‍ നവകേരള ബസിന്റെ മാതൃകയിലുള്ള ചിത്രവും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതാണ് കേസിന് ആധാരം. സിപിഎം നേതാക്കളാണ് ഫാറൂഖിനെതിരെ പരാതി നല്‍കിയത്.

നവകേരള യാത്ര പാലക്കാട് ജില്ലയിലേക്കു വരുന്ന സമയത്താണ് ഫാറൂഖ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നവകേരള യാത്രയെ പരിഹസിക്കുന്ന ചിത്രവും കുറിപ്പും പങ്കുവച്ചത്. ‘നവകേരള സദസ്സില്‍ വന്‍ ജനക്കൂട്ടം: മുഖ്യമന്ത്രി പോക്കറ്റടിക്കാരെയും കള്ളന്മാരെയും ആകാംക്ഷയോടെ കാണാന്‍ ജനം കൂടുന്നത് സ്വാഭാവികം’ എന്നും ഫാറൂഖ് കുറിച്ചിരുന്നു. ഈ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.