
തൃശ്ശൂർ ദേശീയപാത 66ൽ കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. കാർ ദേശീയ പാതയിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചാണ് അപകടം.
ഇന്നലെ അർധരാത്രി 12ഓടെയാണ് സംഭവം. ഏഴ് പേർ അപകട സ്ഥലത്ത് വച്ച് മരിച്ചു.
ഒരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്.മധുരെ രജിസ്ട്രേഷൻ സെവൻ സീറ്റർ കാറാണ് ഇടിച്ചത്. ഡിണ്ടിഗലിലെ പി എസ് എൻ എ എൻജിനീയറിങ് കോളേജ് വിദ്യാർഥിയുടെ ഐഡി കാർഡ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.മരിച്ച എട്ടുപേരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വിശ്വ (സേലം), സൂര്യ (ഡിണ്ടിഗൽ), സന്തോഷ് (മധുര), പ്രസന്ന (മധുര) യുവ സഞ്ജിത് (ഡിണ്ടിഗൽ) എന്നിവരാണ് മരിച്ചത്.ഗുരുവായൂർ ഭാഗത്ത് നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു കാർ. ഇതേദിശയിൽ, പാതയിൽ പണി പുരോഗമിക്കുന്നിടത്ത് അനധികൃതമായി നിർത്തി ഇട്ടിരിക്കുകയായിരുന്നു ലോറി.
നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ഉൾപ്പെടെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കാറിൽ നിന്ന് യുവാക്കളെ പുറത്തെടുത്തത്. അഗ്നിരക്ഷ സേനയെത്തിയ ശേഷം കാർ വെട്ടിപ്പൊളിച്ചാണ് രണ്ട് പേരെ പുറത്തെടുക്കാൻ കഴിഞ്ഞത്. എട്ട് മൃതദേഹങ്ങളും തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
