
മലപ്പുറം : കോളജ് വിദ്യാർത്ഥിനികളുടെ ഫോട്ടോ മോർഫ് മോർഫിംഗ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബുവാണ് (20) ജീവനൊടുക്കാൻ ശ്രമിച്ചത്.
മലപ്പുറത്തെ ലോഡ്ജില്‍ വച്ചായിരുന്നു സംഭവം. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാർത്ഥികുടെ ചിത്രങ്ങള്‍ മോർഫ് ചെയ്തു മോശം രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് സുബിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം സൈബർ പോലീസ് സംഘം തിരുവനന്തപുരത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിദ്യാർത്ഥിനികള്‍ സ്വന്തം അക്കൗണ്ടുകളില്‍ പോസ്റ്റു ചെയ്ത ഓണാഘോഷത്തിന്റെയും മറ്റും ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.
പൊന്നാനിയില്‍നിന്നുള്ള വിദ്യാർത്ഥിനികളുടെ പരാതിയിലാണ് സൈബർ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിനു പിന്നില്‍ സുബിനാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൊബൈല്‍ ടെക്നിഷ്യനായി ജോലി ചെയ്യുന്ന സുബിൻ സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചാണ് മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ട്. വിവിധ ജില്ലകളിൽ ഇത് സംബന്ധിച്ച് പരാതികൾ ഉണ്ട്. കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ ഈ സംഭവത്തിൽ പ്രതികൾ ആയി പിടിയിലായിട്ടുണ്ട്. ഈ സംഘവുമായി മലപ്പുറത്തെ കേസിന് ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
