
കഴിഞ്ഞ 6 മാസത്തിനിടെ ഒരു തവണ പോലും ഉപയോഗിച്ചിട്ടില്ലാത്ത റേഷൻ കാർഡുകള്‍ മരവിപ്പിക്കാൻ നീക്കം. കേന്ദ്ര സർക്കാരാണ് ഇത് സംബന്ധിച്ച നടപടിയാരംഭിച്ചത്. കേന്ദ്രസർക്കാർ പദ്ധതിയായ സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ (സ്മാർട്ട് പി ഡി എസ്) നടപ്പാക്കുന്നതിൻ്റെ ഭാഗമായാണിത്. ഇപ്പൊൾ സംസ്ഥാനത്ത് 48000 കാർഡുകൾ ആണ് ഇത്തരത്തിൽ ഉള്ളത്.
6 മാസത്തോളം ഉപയോഗിക്കാത്ത ഒരു കോടി അൻപത്തിയെട്ട് ലക്ഷം റേഷൻ കാർഡുകള്‍ ഒക്റ്റോബർ ഒന്നു മുതലാവും മരവിപ്പിക്കുക.
എന്നാല്‍, ഇവരുടെ പേര് ഉടൻ വെട്ടില്ല. പകരം യഥാർഥ ഉപയോക്താവാണെന്ന് തെളിയിക്കാൻ 3 മാസം സമയം അനുവദിക്കും. ഇതിനുള്ളില്‍ തിരിച്ചറിയല്‍ നടപടികള്‍ പൂർത്തിയാക്കിയാല്‍ റേഷൻ കാർഡ് മരവിപ്പിച്ച നടപടി പിൻവലിക്കും. 90 ദിവസത്തിനകം റേഷൻ കടകളിലെ ഇ പോസ് മെഷീനിൽ ബയോ മെട്രിക് ഇ കെ വൈ സി നടത്തിയാൽ ഈ കാർഡുകൾ പുനഃസ്ഥാപിക്കും. ഇല്ലെങ്കിൽ റദ്ദാക്കും.
വ്യാജ കാർഡുകള്‍, ഡ്യൂപ്ലിക്കേറ്റ് കാർഡുകള്‍, സംശയാസ്പദമായ കാർഡുകള്‍ എന്നിവയെ ലക്ഷ്യം വച്ചാണ് നടപടിയെന്നാണ് റിപ്പോർട്ടുകള്‍.
അതേസമയം ഈ നീക്കത്തെ എതിർത്ത് സംസ്ഥാന സർകാർ കത്ത് അയക്കാൻ തീരുമാനിച്ചു. മുൻഗണന കാർഡുകൾ ആയ മഞ്ഞയും പിങ്കും റദ്ദാക്കപ്പെട്ടാൽ കേന്ദ്ര വിഹിതത്തിൽ ആനുപാതികമായി കുറവുണ്ടാകുമെന്ന ആശങ്കയിലാണ് സർകാർ. മുൻഗണന വിഭാഗത്തിൽ 5370 മഞ്ഞ, 38909 പിങ്ക് കാർഡുടമകൾ റേഷൻ വാങ്ങിയിട്ടില്ല. കേന്ദ്രസർക്കാർ സൗജന്യമായി നൽകുന്ന ഈ രണ്ട് വിഭാഗങ്ങളിലായി 66701 ഗുണഭോക്താക്കൾ ഉണ്ട്. ഇത് കൂടാതെ മുൻഗണന ഇതര വിഭാഗത്തിലെ നാലായിരത്തോളം നീല, വെള്ള കാർഡുടമകളും 6 മാസത്തിലേറെയായി റേഷൻ വാങ്ങുന്നില്ല എന്നാണ് വിവരം.
