Thursday, October 1

അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് വിദേശത്തേക്ക് കടന്നു: ഏഴ് വർഷത്തിന് ശേഷം യുവാവ് പിടിയിൽ

കാളികാവ് : അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ഏഴ് വർഷത്തിനുശേഷം പോലീസിന്റെ പിടിയിലായി. കാളികാവ് ചോക്കാട് ഉദരംപൊയിൽ കിടങ്ങയത്ത് ഷബീറിനെയാണ് (32) പാണ്ടിക്കാട് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

2019-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അയൽവാസിയായ യുവതിക്ക് നേരെ പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കരുവാരക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയതോടെ പ്രതി വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു.

ആക്രമണത്തിന് ഇരയായ യുവതിയുടെ മുറിവിൽ നിന്ന് രാസപരിശോധനയിൽ മാരകമായ സൾഫ്യൂരിക് ആസിഡിന്റെ അംശം കണ്ടെത്തിയിരുന്നു.

വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അടുത്തിടെ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാണ്ടിക്കാട് പോലീസ് നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.