Friday, October 2

സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങള്‍ ഇനി എല്‍.പി സ്കൂളുകൾ; സംസ്ഥാന തല ഉദ്ഘാടനം നടത്തി

സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം കിഴിശ്ശേരിയില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ധീന്‍ നിര്‍വഹിച്ചു

സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെ (എം.ജി.എല്‍.സി.) സര്‍ക്കാരിന്റെ ആദ്യ നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി ഗവ. ലോവര്‍ പ്രൈമറി സ്‌കൂളുകളായി ഉയര്‍ത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം കിഴിശ്ശേരി മേല്‍മുറി ബദല്‍ സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ധീന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ഇനി ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്ന സംവിധാനം ഉണ്ടാകില്ലെന്നും കാലാനുസൃതമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുമുള്ള പൂര്‍ണ്ണ സജ്ജമായ എല്‍.പി സ്‌കൂളുകളായി ഇവയെല്ലാം പ്രവര്‍ത്തിക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.

പിന്നാക്ക-മലയോര-ആദിവാസി മേഖലകളിലുള്ള മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി കൊടിഞ്ഞി കാളംതുരുത്തി , അരിമംഗലം, വണ്ടൂര്‍ അരിമണല്‍, മഞ്ചേരി തരികുളം എന്നിങ്ങനെ അഞ്ചു ബദല്‍ സ്‌കൂളുകളും കാസര്‍കോട് ജില്ലയിലെ ആലൂര്‍, ഇടുക്കി കുറത്തികുടി, കണ്ണൂര്‍ കാലാങ്കി എന്നിങ്ങനെ എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെയാണ് എല്‍.പി സ്‌കൂളുകളാക്കി ഉയര്‍ത്തിയത്. ഈ വിദ്യാലയങ്ങളിലെല്ലാം ക്ലാസ് മുറികളും പ്രധാനാധ്യാപകന്റെ മുറിയും ആവശ്യമായ അധ്യാപക തസ്തികകളും ഉടന്‍ ഉറപ്പാക്കുമെന്നും മേല്‍മുറി സ്‌കൂളിലേക്ക് പ്രിയങ്ക ഗാന്ധി എം.പിയുടെ ഫണ്ടില്‍നിന്ന് വാഹനം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 6,000 എല്‍.പി, യു.പി സ്‌കൂളുകളില്‍ ‘ഡിജിറ്റല്‍ സ്‌ക്വയര്‍’ വഴി സ്മാര്‍ട്ട് ക്ലാസ് സൗകര്യങ്ങള്‍ കൊണ്ടുവരുന്നതിനും ഹൈസ്‌കൂളുകളില്‍ നിര്‍മ്മിതബുദ്ധി, റോബോട്ടിക്‌സ് എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. കൂടാതെ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ 120 അധിക ബാച്ചുകള്‍ അനുവദിച്ചതിലൂടെയും സ്‌പെഷ്യല്‍ ഉത്തരവുകളിലൂടെയും പതിനായിരത്തോളം കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് അവസരം നല്‍കാനായി. സ്‌കൂളുകളില്‍ കായിക അധ്യാപകരുടെ തസ്തികയ്ക്ക് നിലവിലുണ്ടായിരുന്ന 500 വിദ്യാര്‍ത്ഥികള്‍ എന്ന മാനദണ്ഡം 300 ആയി കുറച്ചതായും കൂടുതല്‍ സമഗ്രമായ മാറ്റങ്ങള്‍ക്കായി വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ആയിഷ, കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മഹ്‌മൂദ്, സ്ഥിരം സമിതി അധ്യക്ഷന്‍ ലത്തീഫ് മുതീരി, കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബാലത്തില്‍ ബാപ്പു, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈജു കാവുംതൊടി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സലാവുദ്ദീന്‍ പുല്ലത്ത്, സമഗ്ര ശിക്ഷ മലപ്പുറം ഡി.പി.സി. ഡോ.എം.പി.ഷാഹുല്‍ ഹമീദ്, കിഴിശ്ശേരി എ.ഇ.ഒ. സൈതലവി അന്നാരത്തൊടിക, പി.ടി.എ.പ്രസിഡന്റ് എം.അബ്ദുല്ല, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണം നാടിന്റെ കടമ; സര്‍ക്കാറിനൊപ്പം ജനകീയ പിന്തുണയും വേണം: മന്ത്രി പി.കെ. ബഷീര്‍

പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍. മലപ്പുറം കിഴിശ്ശേരി മേല്‍മുറി ബദല്‍ സ്‌കൂളില്‍ സംസ്ഥാനത്തെ എട്ട് ബദല്‍ വിദ്യാലയങ്ങളെ സര്‍ക്കാര്‍ എല്‍.പി.സ്‌കൂളുകളാക്കി ഉയര്‍ത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. മികച്ച അധ്യാപകരും സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ പാഠപുസ്തകങ്ങളും യൂണിഫോമും അടക്കമുള്ള ആനുകൂല്യങ്ങളും ഉള്ളപ്പോള്‍ രക്ഷിതാക്കള്‍ കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ തന്നെ ചേര്‍ക്കാന്‍ തയ്യാറാകണം. വരുന്ന അധ്യയന വര്‍ഷത്തില്‍ ഈ സ്‌കൂളുകളില്‍ കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിച്ച് സ്‌കൂളുകളുടെ വളര്‍ച്ച ഉറപ്പാക്കാന്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മേഖലയിലെ വിദ്യാഭ്യാസ-അടിസ്ഥാന സൗകര്യ വികസനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പ്രിയങ്ക ഗാന്ധി എം.പി.മുഖേന മേല്‍മുറി സ്‌കൂളിനായി സ്‌കൂള്‍ ബസ് അനുവദിക്കുന്നതിനുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ബദല്‍ സ്‌കൂളുകള്‍ക്കായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച അധ്യാപകരുടെ സര്‍വീസും യോഗ്യതയും പരിഗണിച്ച് അവരെ പുനരധിവസിപ്പിക്കാനും നിയമനം നല്‍കാനുമുള്ള അനുഭാവപൂര്‍വ്വമായ നടപടികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

സാധാരണക്കാരായ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ആരംഭിച്ച ബദല്‍ സ്‌കൂളുകള്‍ ഇന്ന് സര്‍ക്കാര്‍ സ്‌കൂളുകളായി മാറുന്നത് നാടിന്റെ വലിയ വിജയമാണെന്നും ഉള്‍നാടന്‍-പിന്നാക്ക പ്രദേശങ്ങളിലെ കുട്ടികളെ അക്ഷരലോകത്തേക്ക് കൊണ്ടുവരാന്‍ തുടങ്ങിയ ബദല്‍ വിദ്യാലയങ്ങള്‍ നിലനിര്‍ത്തുന്നതില്‍ നാട്ടുകാരും രക്ഷിതാക്കളും വലിയ ത്യാഗമാണ് അനുഭവിച്ചതെന്നും മന്ത്രി പറഞ്ഞു.