Sunday, October 4

പടിക്കൽ നിർമിക്കുന്ന ബക്കർ ചെർന്നൂർ സ്മാരകത്തിൻ്റെ ശിലാസ്ഥാപനം ഇന്ന്


പടിക്കൽ: മുസ്ലിം ലീഗ് വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറി ആയിരുന്ന ബക്കർ ചെർന്നൂർ ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാകുകയാണ്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പടിക്കലിൽ സ്വന്തമായി വാങ്ങിയ ആറു സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന ബക്കർ ചെർന്നൂർ സ്മാരകത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ഇന്ന് (ഞായറാഴ്ച) വൈകിട്ട് 4 മണിക്ക് നടക്കും.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിടൽ നിർവഹിക്കും. ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.എം.എ. സലാം, പി. ഹമീദ് മാസ്റ്റർ, ടി.വി. ഇബ്രാഹിം എംഎൽഎ, പി.കെ. നവാസ് എംഎൽഎ, എം.എ. ഖാദർ, ഡോ. വി.പി. ഹമീദ് മാസ്റ്റർ തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുക്കും. തുടർന്ന് കോഹിനൂർ ഓഡിറ്റോറിയത്തിൽ അനുസ്മരണ പ്രഭാഷണം നടക്കും.
വള്ളിക്കുന്ന് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായി ദീർഘകാലം മുസ്ലിം ലീഗിന്റെ നേതൃനിരയിൽ പ്രവർത്തിച്ച ബക്കർ ചെർന്നൂർ, മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി, മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, മൂന്നിയൂർ പഞ്ചായത്ത് ബോർഡ് പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ കാൽനൂറ്റാണ്ടോളം ജനപ്രതിനിധിയായും പൊതുപ്രവർത്തകനായും പ്രവർത്തിച്ചു.
പ്രമുഖ പ്രഭാഷകനെന്ന നിലയിലും ജില്ലയ്ക്കകത്തും പുറത്തും അദ്ദേഹം അറിയപ്പെട്ടിരുന്നു. ചെറുപ്പത്തിൽ തന്നെ മുസ്ലിം ലീഗ് രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനായ ബക്കർ സാഹിബ്, തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ യുവജന രാഷ്ട്രീയ രംഗത്ത് അഞ്ച് പതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്നു.
സ്വന്തം മഹല്ലിന്റെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം സാമൂഹിക, ദീനി രംഗങ്ങളിലും നിറഞ്ഞുനിന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രദേശത്തെ മദ്റസയ്ക്ക് സ്വന്തമായി വരുമാനമാർഗം കണ്ടെത്തുന്നതിനായി ഷോപ്പിംഗ് കോംപ്ലക്സ്, മനോഹരമായ മഹല്ല് ജുമാ മസ്ജിദ്, ചെർന്നൂരിൽ സ്വന്തം സ്ഥലത്ത് മുസ്ലിം ലീഗ് ഓഫീസ് എന്നിവ നിർമ്മിച്ചത്.
വള്ളിക്കുന്ന് നിയോജക മണ്ഡലം രൂപീകരിക്കപ്പെട്ട ആദ്യകാലത്ത് താൽക്കാലിക വാടക ഓഫീസുകളിലായിരുന്നു മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രവർത്തിച്ചിരുന്നത്. ബക്കർ സാഹിബ് ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് ഒരു സ്ഥിരം ആസ്ഥാനമുണ്ടാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യങ്ങളിലൊന്ന്. വർഷങ്ങളുടെ കഠിന പരിശ്രമത്തിന്റെ ഫലമായി, ഡോ. വി.പി. ഹമീദ് മാസ്റ്ററോടൊപ്പം, ഇന്ന് മുസ്ലിം ലീഗിന്റെ നിയോജക മണ്ഡലം ആസ്ഥാനങ്ങളിൽ ശ്രദ്ധേയമായ ഓഫീസ് സമുച്ചയം മേലേ ചേളാരിയിൽ സ്ഥാപിക്കാൻ സാധിച്ചു.
ദീർഘകാലത്തെ പൊതുപ്രവർത്തനത്തിനിടയിലും സ്വന്തം പേരിൽ സ്വത്തുക്കൾ സമ്പാദിക്കുന്നതിൽ താൽപര്യം കാണിക്കാതിരുന്നതും ബക്കർ സാഹിബിന്റെ ജീവിതത്തിലെ ശ്രദ്ധേയമായൊരു പ്രത്യേകതയായിരുന്നു. ചികിത്സാ ബാധ്യതകൾ ഉൾപ്പെടെയുള്ള തന്റെ മുഴുവൻ ബാധ്യതകളും തീർക്കുന്നതിനായി സ്വന്തം കിടപ്പാടം വരെ വിൽക്കേണ്ടിവന്നപ്പോഴും, നിത്യകരുത്തായി കൊണ്ടുനടന്നിരുന്ന പരിശുദ്ധ ഖുർആൻ തന്റെ മഹല്ല് ഖത്തീബിനെ ഏൽപ്പിക്കാനും അദ്ദേഹം മറന്നില്ല.
നാളെ രാവിലെ 8 മണിക്ക് മൂച്ചത്താണി മഹല്ല് ഖബർസ്ഥാനിൽ ഖബർ സിയാറത്ത്, വൈകിട്ട് 4 മണിക്ക് പടിക്കലിൽ സ്മാരകത്തിന്റെ തറക്കല്ലിടൽ, തുടർന്ന് നിയോജക മണ്ഡലം മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ അനുസ്മരണ പ്രഭാഷണം എന്നിവ നടക്കും.
ഇതിന്റെ ഭാഗമായി ഇന്നലെ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ സ്വന്തം നാടായ ചെർന്നൂരിൽ ടി.വി. ഇബ്രാഹിം എം.എൽ.എയുടെ നേതൃത്വത്തിൽ അനുസ്മരണ സദസ്സും ഭക്ഷ്യകിറ്റ് വിതരണവും സംഘടിപ്പിച്ചിരുന്നു.
✍️ യു. ഷംസുദ്ധീൻ
ജനറൽ സെക്രട്ടറി
IUML മൂന്നിയൂർ പഞ്ചായത്ത് കമ്മിറ്റി