Saturday, October 3

സൗജന്യമായി ഭൂമി ലഭ്യമാകുന്ന പദ്ധതികൾക്ക് മുൻഗണന: മന്ത്രി പി.കെ. ബഷീർ

മഞ്ചേരി മിനി ബൈപ്പാസ് ഒന്നാംഘട്ട നിർമ്മാണോദ്ഘാടനം മന്ത്രി പി. കെ. ബഷീർ നിർവഹിച്ചു

സൗജന്യമായി ഭൂമി വിട്ടുനൽകുന്ന ഇടങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് സർക്കാരിൻ്റെ ഭാഗത്തുനിന്ന് ആദ്യ പരിഗണന നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. മഞ്ചേരി സി.എച്ച്. ബൈപ്പാസ് മുതൽ മംഗലശ്ശേരി വരെയുള്ള പുതിയ മിനി ബൈപ്പാസിൻ്റെ ഒന്നാംഘട്ട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ വർഷങ്ങളിൽ നിർമ്മാണം ആരംഭിച്ച 28 പാലങ്ങൾ അപ്രോച്ച് റോഡിന് സ്ഥലം ലഭ്യമാകാത്തതിനെ തുടർന്ന് നിർമ്മാണം നിലച്ച അവസ്ഥയിലാണ്. ഇത്തരം പ്രതിസന്ധികൾ ആവർത്തിക്കാതിരിക്കാൻ, ഭൂമി ഉറപ്പാക്കാതെ പുതിയ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കരുതെന്ന് വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മഞ്ചേരി നഗരവികസനത്തിനും ജില്ലയ്ക്കും ഊന്നൽ നൽകുന്ന വൻ പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു. മഞ്ചേരി സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പ്രോജക്ടിനായി 75 കോടി രൂപയും നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണത്തിനായി 70 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ഗതാഗതക്കുരുക്കിന് പരിഹാരമായി മിനി ബൈപ്പാസ്

നിലമ്പൂർ റോഡിലെ ജസീല ജംഗ്ഷൻ മുതൽ നെല്ലിപ്പറമ്പ് വരെയുള്ള രൂക്ഷമായ ഗതാഗതക്കുരുക്കിന് ആശ്വാസമേകാനാണ് പുതിയ ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നത്. സി.എച്ച്. ബൈപ്പാസ് മുതൽ മംഗലശ്ശേരി വരെ ഒരു കിലോമീറ്റർ നീളത്തിലാണ് പുതിയ പാത ഒരുങ്ങുന്നത്. ഏകദേശം രണ്ട് ഏക്കർ ഭൂമിയാണ് പ്രദേശവാസികൾ പദ്ധതിക്കായി സൗജന്യമായി വിട്ടുനൽകിയത്. മൂന്ന് കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കുക.

ചടങ്ങിൽ അഡ്വ. എം. റഹ്മത്തുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ വല്ലാഞ്ചിറ അബ്ദുൽ മജീദ്, സ്ഥിരം സമിതി അധ്യക്ഷരായ സക്കീർ വല്ലാഞ്ചിറ, കെ.പി. ഉമ്മർ, എം.വി. അബൂബക്കർ, കൗൺസിലർമാരായ അഡ്വ. മുഹമ്മദ് ഇസ്മായിൽ, ഷംലിക് കുരിക്കൾ, യു. ശ്രീകാന്ത്, മുൻ നഗരസഭാ ചെയർപേഴ്സൺ വല്ലാഞ്ചിറ മുഹമ്മദലി എന്നിവർ പങ്കെടുത്തു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഹനീഫ മേച്ചേരി, കെ.കെ.ബി. മുഹമ്മദാലി, കെ. മിഥുൻ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.എച്ച്. അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഷാഫി പദ്ധതി വിശദീകരണ റിപ്പോർട്ട് അവതരിപ്പിച്ചു.