മഞ്ചേരി : വിരുന്നിന് വന്ന 12 കാരിയെ പീഡിപ്പിച്ച മാതൃ സഹോദരിയുടെ ഭര്‍ത്താവായ 42 കാരന് 18 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി പെരിമ്പലം സ്വദേശിയായ 42കാരനെയാണ് ശിക്ഷിച്ചത്. മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് എ. എം. അഷ്‌റഫ് ആണ് ശിക്ഷ വിധിച്ചത്. പോക്‌സോ ആക്ടിലെ മൂന്നു വകുപ്പുകളിലായി അഞ്ച് വര്‍ഷം വീതം കഠിന തടവ് അരലക്ഷം രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. ഇതിനു പുറമെ കുട്ടിക്ക് മാനഹാനി വരുത്തിയതിന് മൂന്ന് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും അനുഭവിക്കണം. പിഴയടക്കാത്ത പക്ഷം നാലു വകുപ്പുകളിലും രണ്ട് മാസം വീതം അധിക തടവും അനുഭവിക്കണം. തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക് നല്‍കണം. കൂടാതെ സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും കോടതി നിര്‍ദേശം നല്‍കി.
2018 ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2016 മുതല്‍ അതിജീവിതയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. വയനാട് അമ്പലവയലിലെ വീട്ടില്‍ പിതാവിനും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പമാണ് അതിജീവിത താമസിച്ചിരുന്നത്. ഇവിടെ നിന്നും മാതാവ് കുട്ടികളെ സ്വന്തം വീടായ ഇരുമ്പുഴിയിലേക്ക് കൊണ്ടു വരികയായിരുന്നു. അമ്മ വീട്ടില്‍ നിന്ന് മാതൃസഹോദരിയുടെ വീട്ടിലേക്ക് വിരുന്നിന് പോയതായിരുന്നു കുട്ടിയെ രാത്രി മാതൃസഹോദരിയുടെ ഭര്‍ത്താവ് ലൈംഗികമായി ആക്രമിക്കുകയായിരുന്നു.
മഞ്ചേരി പൊലീസ് എസ്‌ഐമാരായിരുന്ന ഇ. ആര്‍. ബൈജു, പി. കെ. അബുബക്കര്‍ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സോമസുന്ദരന്‍ 14 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി. അസി. എസ്‌ഐ എന്‍. സല്‍മയായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.