മലപ്പുറം : തദ്ദേശവാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടർപട്ടിക പുതുക്കുന്നു. മലപ്പുറം ജില്ലയില്‍ ജില്ലാപഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷന് (വാര്‍ഡ് 31), മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം (വാര്‍ഡ് 49), തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മരത്താണി (വാര്‍ഡ് 22), ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പെരുമുക്ക് (വാര്‍ഡ് 18) ഉൾപ്പെടെ സംസ്ഥാനത്തെ 32 തദ്ദേശ സ്വയംഭരണവാർഡുകളിലെ വോട്ടർപട്ടികയാണ് പുതുക്കുന്നത്. കരട് വോട്ടർപട്ടിക സെപ്റ്റംബർ 20 നും അന്തിമപട്ടിക ഒക്ടോബർ 19 നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്.
കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് സെപ്റ്റംബര്‍ 20 മുതൽ ഒക്ടോബർ അഞ്ച് വരെ അപേക്ഷിക്കാം. 2024 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അർഹതയുള്ളത്. അതിനായി sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകണം. പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റൌട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡുകളിൽ അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. കരട് പട്ടിക അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.