
കെ.പി.എ മജീദിന്റെ ഇടപെടൽ ഫലം കണ്ടു.
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി തീരപ്രദേശത്തെ 70 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് ഫിഷറീസ് വകുപ്പിന്റെ നിരാക്ഷേപ പത്രം (NOC) നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. ഫിഷറീസ് വകുപ്പ് നേരത്തെ നിർമ്മിച്ചു നൽകിയ ഇരട്ടവീടുകളാണ് ഈ ഭൂമിയിൽ ഉണ്ടായിരുന്നത്. ഇത് സംബന്ധിച്ച് 09-01-2023 ൽ രാവിലെ 10 മണിക്ക് കെ.പി.എ മജീദിന്റെ അധ്യക്ഷതയിൽ തിരൂരങ്ങാടി തഹസിൽദാറിന്റെ ചേമ്പറിൽ വെച്ച് ബന്ധപ്പെട്ട ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേരുകയും, ഇത് സംബന്ധിച്ച അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനം എടുക്കുകയും , ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഇതിന് ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ യോഗ തീരുമാനങ്ങളും റിപ്പോർട്ടുകളും ഉള്ളടക്കം ചെയ്ത് 07-06-2023 ൽ റവന്യു വകുപ്പ് മന്ത്രി കെ.രാജന് ഈ കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിന് നിലവിലെ തടസ്സങ്ങൾ നീക്കുന്നതിനുള്ള ഒരു അടിയന്തിര യോഗം വിളിക്കുന്നതിന് കെ.പി.എ മജീദ് കത്ത് നൽകുകയും റവന്യു മന്ത്രിയുടെ അധ്യക്ഷതയിൽ പരപ്പനങ്ങാടി നഗരസഭ ചെയർമാൻ, ബന്ധപ്പെട്ട ജനപ്രതിനിധികൾ എന്നിവരുടെ യോഗം ചേരുകയും പട്ടയം നൽകുന്നതിനുള്ള നിർദ്ദേശങ്ങൾ യോഗ തീരുമാനമായി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഫിഷറീസ് വകുപ്പിന്റെ നിരാക്ഷേപ പത്രം ആവശ്യമായി വന്നതിനാൽ ഈ നടപടികൾ നിലച്ച അവസ്ഥയിലായിരുന്നു. എന്നാൽ വീണ്ടും ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാനെ കണ്ട് ഈ വിഷയത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യപ്പെടുകയും, മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർ നടപടികൾ ആയാണ് ഇപ്പോൾ ഫിഷറീസ് വകുപ്പ് നിരാക്ഷേപ പത്രം അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയിട്ടുള്ളത്.