Friday, August 14

അനധികൃത ഖനനം: ജില്ലയിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമാക്കി

മലപ്പുറം: ജില്ലയിൽ അനധികൃത ഖനനവും ധാതുക്കളുടെ അനധികൃത കടത്തും തടയുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംയുക്ത സ്ക്വാഡ് പരിശോധന ശക്തമാക്കി. ജിയോളജി, റവന്യൂ, പൊലീസ്, പഞ്ചായത്ത് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളത്. നിരീക്ഷണം കർശനമാക്കുന്നതിന്റെ ഭാഗമായി ഊരകം, കണ്ണമംഗലം പ്രദേശങ്ങളിലും പരിസരങ്ങളിലുമായി അഞ്ച് ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.
ആഗസ്റ്റ് 12 നാണ് സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയത്. പരിശോധനയുടെ ആദ്യ രണ്ട് ദിവസങ്ങളിലായി മെറ്റലും എം-സാൻഡും അനധികൃതമായി കടത്തിയ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. സാധുവായ പരിസ്ഥിതി അനുമതി (ഇ.സി.) ഇല്ലാതെ പ്രവർത്തിച്ചതായി കണ്ടെത്തിയ നെടിയിരിപ്പിലെ ക്വാറിയുടെ പ്രവർത്തനം തടഞ്ഞ് ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി. കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട് വില്ലേജിൽ പ്രവർത്തിച്ചിരുന്ന അനധികൃത ചെങ്കൽ ക്വാറിയിലും ജിയോളജി – പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി തുടർനടപടികൾ സ്വീകരിച്ചു.
വ്യാഴാഴ്ച ജില്ലാ കളക്ടർ, എ.ഡി.എം., ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ വിവിധ ചെക്ക്പോസ്റ്റുകൾ നേരിട്ട് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുകയും സ്ക്വാഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും ജില്ലയിലുടനീളം പരിശോധനകളും കർശന നിയമനടപടികളും തുടരുമെന്ന് അധികൃതർ അറിയിച്ചു.

error: Content is protected !!