
തെന്നല: ആറുമാസത്തിനിടെ 75-ലധികം വികസന-സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കി തെന്നല ഗ്രാമപഞ്ചായത്തിന്റെ വികസനരംഗത്ത് ശ്രദ്ധേയ മുന്നേറ്റം. തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശരീഫ് വടക്കയിലിനെ ജനപ്രതിനിധികൾക്കുള്ള കേരളത്തിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത് ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ മഹാത്മാജി പുരസ്കാരം നൽകി ആദരിച്ചു.
2025 ഡിസംബർ 20-ന് ചുമതലയേറ്റ തെന്നല ഗ്രാമപഞ്ചായത്ത് ഭരണസമിതി ആറുമാസത്തിനുള്ളിൽ വികസന, ക്ഷേമ, പൊതുസേവന മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം ഏകദേശം രണ്ടുമാസം നിലനിന്നിട്ടും വികസന പ്രവർത്തനങ്ങൾക്ക് വേഗം കുറയാതെ മുന്നോട്ടുപോകാൻ സാധിച്ചു.
റോഡ് വികസനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും മുന്നേറ്റം
ഏകദേശം 50 പൊതുമരാമത്ത് പ്രവൃത്തികൾ നടപ്പിലാക്കി. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്ന അറക്കൽ–ഒഴൂർ റോഡിന്റെ BM പ്രവൃത്തിയും കുളങ്ങര ലിങ്ക് റോഡിന്റെ നിർമാണവും യാഥാർഥ്യമാക്കി. റോഡ് വികസനത്തിന് തടസ്സമായിരുന്ന HT വൈദ്യുതിത്തൂണുകൾ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂന്നുദിവസത്തിനകം മാറ്റിസ്ഥാപിച്ചു. ദേശീയപാതയിലെ വെള്ളക്കെട്ടിനും ഡ്രൈനേജ് പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനായി ദേശീയപാത അതോറിറ്റിയിൽനിന്ന് 1.17 കോടി രൂപയുടെ അംഗീകാരം നേടുകയും ചെയ്തു.
ജലനിധിയിലും ഭവനപദ്ധതിയിലും നേട്ടം
ജലനിധി പദ്ധതിയിലൂടെ പഞ്ചായത്തിലെ മുഴുവൻ വീടുകളിലേക്കും കുടിവെള്ളമെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. രണ്ടുവർഷത്തിലേറെയായി പുതിയ കണക്ഷനുകൾ ലഭിക്കാതിരുന്ന സാഹചര്യത്തിൽ 250-ലധികം പുതിയ കണക്ഷനുകൾ അനുവദിക്കാൻ സാധിച്ചു. ജലനിധി എസ്.എൽ.ഇ.സി. മുഖേന ഡയാലിസിസ് രോഗികൾക്ക് ധനസഹായവും ലഭ്യമാക്കി.
2030-ഓടെ ഭവനരഹിതരില്ലാത്ത തെന്നല സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ആവാസ് യോജന–ആവാസ് പ്ലസ് പദ്ധതിയിൽ 174 ഗുണഭോക്താക്കളെ ഉൾപ്പെടുത്തി പട്ടികയ്ക്ക് അംഗീകാരം നേടി.
വ്യക്തിഗത ആനുകൂല്യ വിതരണത്തിൽ മാതൃക
2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ആനുകൂല്യ പദ്ധതികളുടെ ഗുണഭോക്തൃ പട്ടികകൾ സമയബന്ധിതമായി അംഗീകരിച്ച് വിതരണം ആരംഭിച്ചു. തെങ്ങുകൃഷി വികസന–ജൈവവളം പദ്ധതിയിൽ 1000 ഗുണഭോക്താക്കളെ ഉൾപ്പെടുത്തിയത് ഉൾപ്പെടെ വിവിധ പദ്ധതികളിലൂടെ അർഹരിലേക്ക് ആനുകൂല്യങ്ങൾ എത്തിച്ചു. മലപ്പുറം ജില്ലയിൽ ആദ്യമായി വാർഷിക പദ്ധതി വ്യക്തിഗത ആനുകൂല്യ വിതരണം ആരംഭിച്ച പഞ്ചായത്തുകളിലൊന്നായി തെന്നല ശ്രദ്ധ നേടി.
ജനസൗഹൃദ സേവനങ്ങളും ഡിജിറ്റൽ സംവിധാനങ്ങളും
വീട്, കെട്ടിട നമ്പറിംഗ് നടപടികൾ വേഗത്തിലാക്കുകയും വിവാഹ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്തു. പഞ്ചായത്തിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കുന്നതിനായി സമ്പൂർണ ഡിജിറ്റലൈസേഷൻ പദ്ധതിക്കും തുടക്കമിട്ടു. മൊബൈൽ പാസ്പോർട്ട് സേവാ കേന്ദ്രം ആരംഭിച്ചതിലൂടെ പ്രവാസികൾക്കും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പാസ്പോർട്ട് സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനും സാധിച്ചു.
സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും സൗജന്യ യാത്ര
ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്ന കെ.എസ്.ആർ.ടി.സി. ഗ്രാമവണ്ടി പദ്ധതി യാഥാർഥ്യമാക്കി. സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും സൗജന്യ യാത്രാ സൗകര്യം ഒരുക്കിയ ഗ്രാമവണ്ടി സർവീസ് പൊതുജനങ്ങൾക്ക് വലിയ ആശ്വാസമായി. ഗ്രാമീണ മേഖലയിലെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം സ്ത്രീകളുടെയും വിദ്യാർഥികളുടെയും യാത്രാസൗകര്യം മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ സാധിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം
കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി. സമയം വർധിപ്പിച്ച് കൂടുതൽ പേർക്ക് ചികിത്സാസൗകര്യം ഉറപ്പാക്കി. കറുത്താൽ സബ് സെന്ററിന് പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള ഭരണാനുമതി നേടി. കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയിൽ മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്താനും സാധിച്ചു.
ഭിന്നശേഷിക്കാർക്കായി കലോത്സവങ്ങളും ക്ഷേമപദ്ധതികളും നടപ്പാക്കി. പെൺകുട്ടികൾക്കായി സ്വയംരക്ഷാ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. അങ്കണവാടി കുട്ടികളുടെ കലോത്സവം, യുവജനസഭ, പ്രവാസി ഗ്രാമസഭ, വിദ്യാർഥികളെ ആദരിക്കുന്ന പരിപാടികൾ, ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിച്ചു.
ശുചിത്വരംഗത്തും ശ്രദ്ധേയ നേട്ടം
ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി പ്രതിമാസം ഏകദേശം 20,000 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരണത്തിനായി കൈമാറുന്ന സംവിധാനം കാര്യക്ഷമമാക്കി. പൊതുസ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളും വീടുകളിലെ ജൈവമാലിന്യ സംസ്കരണത്തിനുള്ള കമ്പോസ്റ്റ് ബിൻ വിതരണവും നടപ്പാക്കി. ഹരിതകർമസേനയുടെ പ്രവർത്തന മികവിന് മികച്ച ഹരിതകർമസേന പുരസ്കാരവും പഞ്ചായത്തിന് ലഭിച്ചു.
ഫണ്ട് വിനിയോഗത്തിൽ ജില്ലയിൽ എട്ടാം സ്ഥാനം
2025–26 വാർഷിക പദ്ധതി ഫണ്ട് വിനിയോഗത്തിൽ കേരളത്തിൽ 39-ാം സ്ഥാനവും മലപ്പുറം ജില്ലയിൽ എട്ടാം സ്ഥാനവും നേടാൻ പഞ്ചായത്തിന് സാധിച്ചു. ആറുമാസത്തിനിടെ 19 ഭരണസമിതി യോഗങ്ങളും 20 മറ്റ് കമ്മിറ്റി യോഗങ്ങളും ഉൾപ്പെടെ 39 യോഗങ്ങൾ ചേർന്ന് വികസന-സേവന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊണ്ടു.
മുൻസർക്കാരിന്റെ കാലത്ത് അനുവദിക്കേണ്ടിയിരുന്ന ഒരു കോടി രൂപയുടെ കുടിശ്ശിക ലഭ്യമാകാതിരുന്നിട്ടും ലഭ്യമായ വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിച്ച് വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ഭരണസമിതിക്ക് സാധിച്ചു.
പഞ്ചായത്തിന്റെ സമ്പൂർണ ചരിത്രം രേഖപ്പെടുത്തുന്നതിനുള്ള പ്രത്യേക പാനൽ രൂപീകരണം, കർഷകർക്കും മൃഗസംരക്ഷണ മേഖലയ്ക്കുമുള്ള സഹായങ്ങൾ, മിനി മാസ്റ്റ് ലൈറ്റുകളും സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കൽ, ആധുനിക കളിസ്ഥലത്തിനായുള്ള ഇടപെടലുകൾ എന്നിവയും ഈ കാലയളവിലെ പ്രധാന പ്രവർത്തനങ്ങളാണ്.
രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളും യാഥാർഥ്യമാകുന്ന വികസന പദ്ധതികളുമാണ് ഭരണത്തിന്റെ മികവ് നിർണയിക്കുന്നതെന്ന നിലപാടിലാണ് തെന്നല ഗ്രാമപഞ്ചായത്ത് മുന്നോട്ടുപോകുന്നത്. ആറുമാസത്തിനിടെ 75-ലധികം വികസന-സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതും വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളുമാണ് പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ച അംഗീകാരത്തിന് കരുത്തേകുന്നത്.
ജനപങ്കാളിത്തത്തോടെ വികസന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ശരീഫ് വടക്കയിൽ അറിയിച്ചു.
