കരുളായി പഞ്ചായത്തിൽ ഭരണം തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്
സംസ്ഥാനത്ത് ഇടുക്കി, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിൽ ഈ മാസം 28ന് 0ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 9 വരെ സമർപ്പിക്കാം. 10ന് സൂക്ഷ്മ പരിശോധന. പ്രതിക 13 വരെ പിൻവലിക്കാം. വോട്ടെണ്ണൽ മാർച്ച് ഒന്നിന് രാവിലെ 10 മണിക്ക് നടത്തും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.
ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെട്ട പഞ്ചായ ത്ത് പ്രദേശത്ത് മുഴുവൻ പെരുമാറ്റ ചട്ടം ബാധകമായിരിക്കും.
മലപ്പുറം ജില്ലയിൽ 4 പഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെപ്പ് നടക്കുന്നത്.
അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് – 07.കുന്നുംപുറം, കരുളായി ഗ്രാമപഞ്ചായത്ത് – 12.ചക്കിട്ടാമല, തിരുനാവായ ഗ്രാമപഞ്ചായത്ത് – 11.അഴകത്തുകളം, ഊരകം ഗ്രാമപഞ്ചായത്ത് – 05.കൊടലിക്കുണ്ട് എന്നീ വാര്ഡുകളിലാണ്
ഉപ തിരഞ്ഞെടുപ്പ്. എ ആർ നഗറിൽ കോണ്ഗ്രസ് അംഗമായ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.ഹനീഫ മരണപ്പെട്ടതിനെ തുടർന്നാണ് ഉപ തിരഞ്ഞെടുപ്പ്. 196 വോട്ടിനാണ് വിജയിച്ചത്. ഊരകത്ത് വാർഡ് മെമ്പർ ലീഗിലെ ഇ. കെ.ശബ്ന ടീച്ചർ സർക്കാർ സ്കൂളിൽ ജോലി ലഭിച്ചതിനെ തുടർന്ന് രാജി വെച്ചതിനെ തുടർന്നാണ് ഉപ തിരഞ്ഞെടുപ്പ്. 720 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. തിരുനാവായ യിൽ കോണ്ഗ്രസ് വിമതൻ കെ.പി.ലത്തീഫിന്റെ മരണത്തെ തുടർന്നാണ് ഉപ തിരഞ്ഞെടുപ്പ്. ഇവിടെ യൊന്നും ഉപ തിരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കില്ല. അതേ സമയം കരുളായി പഞ്ചായത്തിൽ ഇരു മുന്നണികൾക്കും ജീവൻ മരണ പോരാട്ടമാണ്. ചാക്കിട്ടാമല സംവരണ സീറ്റിൽ ലീഗിന്റെ ജിതിൻ രാജി വെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്. 15 അംഗങ്ങളുള്ള പഞ്ചായത്തിൽ ഇപ്പോൾ ഇരു മുന്നണികൾക്കും 7 വീതം അംഗങ്ങളുണ്ട്. ഉപ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന കക്ഷിക്കാകും ഭരണം. നിലവിൽ യു ഡി എഫണ് ഭരിക്കുന്നത്.