മലപ്പുറത്ത് എംഡിഎംഎ കേസില്‍ 88 ദിവസം അകത്തായി ; ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു, ഒടുവില്‍ ലാബ് റിസള്‍ട്ട് വന്നപ്പോള്‍ എംഡിഎംഎ അല്ലെന്ന് കണ്ടെത്തല്‍

മലപ്പുറം : മേലാറ്റൂരില്‍ നാലു യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയ കേസില്‍ വഴിത്തിരിവ്. കെമിക്കല്‍ ലാബിലെ പരിശോധനയില്‍ പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് കണ്ടെത്തി. രണ്ടു തവണ ലാബില്‍ പരിശോധിച്ചപ്പോഴും ഫലത്തില്‍ പിടിച്ചത് എംഡിഎംഎ അല്ലെന്നാണ് റിപ്പോര്‍ട്ട്. മൂന്നാം വട്ട പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് കൂടി അയക്കാനൊരുങ്ങുകയാണ് പൊലീസ്. കേസില്‍ 88 ദിവസമാണ് യുവാക്കള്‍ ജയിലില്‍ കിടന്നത്.

രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മാരക മയക്കുമരുന്നുമായാണ് കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിര്‍, ഒളകര റിഷാദ്, മച്ചിങ്ങല്‍ ഉബൈദുള്ള എന്നിവരെ പിടികൂടിയതെന്നാണ് പൊലീസിന്റെ വാദം. മണിയാണിരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പിന്നീട് പിടികൂടിയ എംഡിഎംഎ കോഴിക്കോട് കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ ഫലം നെഗറ്റീവായിരുന്നു. ഇതോടെ 88 ദിവസം ജയിലില്‍ കിടന്ന ശേഷം നാലു യുവാക്കള്‍ക്കും ജാമ്യം അനുവദിച്ചു.

എന്നാല്‍ ഇതിനിടെയില്‍ യുവാക്കള്‍ക്ക് ഉണ്ടായതാകട്ടെ എല്ലാം നഷ്ടവും. ലഹരി മരുന്നു കേസില്‍ ജയിലിലായതോടെ നാലു പേര്‍ക്കും ജോലി നഷ്ടമായെന്ന് ഇവര്‍ പറയുന്നു. എംഡിഎംഎ കേസിലെ പ്രതി ചേര്‍ക്കപ്പെട്ട ഷഫീഖിനും മുബഷിര്‍ കരുവള്ളിക്കും ഗള്‍ഫിലെ ജോലി നഷ്ടമായി. പ്രതി ചേര്‍ക്കപ്പെട്ട മച്ചിങ്ങല്‍ ഉബൈദുല്ലയുടെ ഭാര്യ വിവാഹ ബന്ധം വേര്‍പെടുത്തി.

മുബഷിര്‍ ഗള്‍ഫില്‍നിന്നു വന്നപ്പോള്‍ ഒരു അറബി സമ്മാനമായി കൊടുത്ത കുന്തിരിക്കം പോലെ കത്തിച്ച് പുകച്ച് ഉപയോഗിക്കുന്ന ഒരു സാധനമായിരുന്നു വണ്ടിയിലുണ്ടായിരുന്നത്. ഇത് പരിശോധിച്ച പൊലീസ് എംഡിഎംഎ അല്ലേയെന്ന് ചോദിച്ചു. അല്ലെന്ന് പറഞ്ഞിട്ട് അംഗീകരിച്ചില്ലെന്ന് ഇവര്‍ പറയുന്നു.

error: Content is protected !!