തിരൂരങ്ങാടി : കേരള ജൈവ കര്‍ഷകസമിതി തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി തിരൂരങ്ങാടി മുനിസിപ്പാലിറ്റി 27 ഡിവിഷനില്‍ ‘കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും’രണ്ടാമത് സെമിനാര്‍ സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് തുടങ്ങിയ സെമിനാര്‍ പങ്കാളിത്തം കൊണ്ടും പ്രത്യേകിച്ച് സ്ത്രീകളുടെയും യുവാക്കളുടെയും സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. പരിപാടിയില്‍ നൂറില്‍ അധികം പേര്‍ പങ്കെടുത്തു. കര്‍ക്കിടക ഭക്ഷണത്തില്‍ ഇലക്കറികള്‍ക്കുള്ള പ്രാധാന്യം വിശദമാക്കി സംസാരിച്ച ജൈവകര്‍ഷക സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രന്‍ മാസ്റ്റര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ ജൈവ കര്‍ഷകസമിതി തിരൂരങ്ങാടി താലൂക്ക് പ്രസിഡന്റ് ഉമ്മര്‍ കക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രോ. ഹാറൂണ്‍ ഒഎഫ്എഐ ദേശീയ സമ്മേളനത്തെ വിശദീകരിച്ചും സംഘടനാ കാര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത വിശദീകരിച്ചും സംസാരിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ റബീഹത്ത് ആശംസകളര്‍പ്പിച്ചു. റിട്ട. ഹെഡ്മാസ്റ്ററും മുതിര്‍ന്ന ജൈവകര്‍ഷകനുമായ ബീരാന്‍കുട്ടി മാസ്റ്ററെ ചന്ദ്രന്‍ മാസ്റ്റര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. 16 ഓളം വ്യത്യസ്തമായ ഇലക്കറി വിഭവങ്ങളോടെയുള്ള ഊണും പായസവും പങ്കെടുത്തവര്‍ക്ക് ഒരു പുതിയ അനുഭവമായി.
മുനിസിപ്പല്‍ 27ആം ഡിവിഷന്‍ ഇന്‍ ചാര്‍ജ് എന്‍ വി അന്‍വറിന്റെ സ്വാഗതവും തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി ട്രഷറര്‍ കാരയ്ക്കല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.