താനൂർ : എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25.7 ലക്ഷം ഉപയോഗിച്ച് നിർമിച്ച ഒഴൂർ ഗ്രാമപഞ്ചായത്തിലെ അടികുളം അപ്പാട വലിയ യാഹൂ സ്മാരക റോഡിന്റെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. താനൂർ മണ്ഡലത്തിലെ ഒഴൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തിയായ റോഡാണ് നാടിന് സമർപ്പിച്ചത്.
കാലങ്ങളായി വെള്ളക്കെട്ടും ദുഷ്കരമായ പാതയും കാരണം ദുരിതമനുഭവിച്ചിരുന്ന നാട്ടുകാരുടെ ഏറെ കാലത്തെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ഹാർബർ എഞ്ചിനീയറിങ് വിഭാഗത്തിനായിരുന്നു നിർമാണ ചുമതല. ചടങ്ങിൽ അലവി മുക്കാട്ടിൽ സ്വാഗതം പറഞ്ഞു. ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് യുസഫ് കൊടിയേങ്ങൽ, വൈസ് പ്രസിഡൻ്റ് സജ്ന പാലേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അസ്ക്കർ കോറാട്, തറമ്മൽ മൊയ്തീൻകുട്ടി, പി. ടി. അക്ബർ, വാർഡ് മെമ്പർ കെ.വി. പ്രജിത എന്നിവർ പങ്കെടുത്തു.