അമ്പലപ്പുഴ : സിഗ്‌നല്‍ ലംഘിച്ച് മുന്നോട്ടെടുത്ത കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഗൃഹനാഥന്‍ മരിച്ചു. അമ്പലപ്പുഴ പോസ്റ്റ് ഓഫീസിന് പടിഞ്ഞാറ് ഗീതാ വിഹാറില്‍ വിജയന്‍ പിള്ള (73)യാണ് മരിച്ചത്. ദേശീയ പാതയില്‍ അമ്പലപ്പുഴ ജംഗ്ഷനില്‍ ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം.
ആലപ്പുഴയില്‍ നിന്ന് ഹരിപ്പാടേക്ക് പോയ ഓര്‍ഡിനറി ബസ് ജംഗ്ഷനില്‍ റെഡ് സിഗ്‌നല്‍ കിടന്നിട്ടും മുന്നോട്ടെടുക്കുമ്പോള്‍ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞിട്ടു. കാലിനും തലക്കും ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇവിടെ വെച്ച് രാത്രി 10 ഓടെയാണ് മരണം സംഭവിച്ചത്.