വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്: സംഘാടകസമിതി രൂപീകരിച്ചു

വള്ളിക്കുന്ന് : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന നവകേരള സദസ്സിന്റെ വള്ളിക്കുന്ന് മണ്ഡലം സംഘാടക സമിതി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന് തന്നെ മാതൃകയായ നിരവധി പദ്ധതികൾ സംസ്ഥാനം ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും ഇതിനെല്ലാം സഹായകരമായത് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ മുതൽ സാധാരണ ജനങ്ങൾ വരെയുള്ളവരുടെ കൂട്ടായ പരിശ്രമങ്ങളാണെന്നും മന്ത്രി പറഞ്ഞു. ഒരു വർഷത്തിനകം അദിദാരിദ്ര്യം ഇല്ലാത്ത നാടാക്കി കേരളത്തെ മാറ്റും. ഇതിനായുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുകയാണ് ബഹുജന സദസിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തലസ്ഥാനത്ത് മാത്രം ഭരണ നിർവഹണം നടത്തുന്ന ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ പൊതുജന സമക്ഷമെത്തി ജനങ്ങളെ ശ്രവിക്കും. ആരോഗ്യ രംഗം, മാലിന്യ നിർമാർജനം, കുടിവെള്ള പദ്ധതി എന്നിവയിലും കേരളം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ വികസന പദ്ധതികളും വികസന കാഴ്ചപ്പാടുകളും ജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ മണ്ഡലത്തിലും നവകേരള സദസ്സ് നടത്തുന്നത്. നവംബർ 28 ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓപ്പൺ ഓഡിറ്റോറിയത്തിൽ രാവിലെ 11 ന് ബഹുജന സദസ്സ് നടക്കും പരിപാടിയുടെ മുന്നോടിയായി രാവിലെ ഒമ്പതിന് മലപ്പുറത്ത് പ്രഭാത സദസ്സ് നടക്കും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായും തൊഴിലാളികളുമായും സദസ്സിൽ സംവദിക്കും.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ എം.കെ ജയരാജ് ചെയർമാനും ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജർ കൺവീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. നവകേരള സദസ്സിനു മുന്നോടിയായി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പഞ്ചായത്ത് തല കൺവെൻഷൻ നടത്താൻ യോഗം തീരുമാനിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി കളക്ടർ കെ.ലത അധ്യക്ഷത വഹിച്ചു. മുൻ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ചെയർമാൻ എ.പി അബ്ദുൾ വഹാബ്, വിരമിച്ച മുൻ എ.ഡി എം ബാലകൃഷ്ണ കുറുപ്പ്, കാലിക്കറ്റ് മെഡിക്കൽ കോളേജ് മുൻ പ്രഫസർ വി പി ശശിധരൻ , വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷൈലജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാബുരാജ്, അനീഷ്, സതി, കൊണ്ടോട്ടി ഡി.വൈ.എസ്.പി മൂസ വള്ളിക്കാടൻ, തേഞ്ഞിപ്പാലം എസ്.എച്ച്.ഒ പ്രദീപ് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ വ്യക്തികളും പങ്കെടുത്തു.

error: Content is protected !!