മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിലായിരുന്നു യോഗം. മലപ്പുറം കോണ്‍ഗ്രസിലെ തര്‍ക്കവും ഫലസ്തീന്‍ വിവാദവും ചര്‍ച്ചയായെന്നാണ് സൂചന. പാണക്കാട്ടേത് സൗഹൃദ സന്ദര്‍ശനമാണെന്നും ലീഗുമായുള്ളത് സഹോദര ബന്ധമാണെന്നും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സതീശന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിനകത്ത് പ്രശ്‌നമുണ്ടായാലും ലീഗിനകത്ത് പ്രശ്‌നമുണ്ടായാലും അതവര്‍ തീര്‍ക്കും. രണ്ടും വ്യത്യസ്ഥ പാര്‍ട്ടികളാണ്. വര്‍ഷങ്ങളായി മുന്നോട്ട് പോവുന്ന മുന്നണിയാണ്. ഏത് പാര്‍ട്ടിയായാലും അവര്‍ക്ക് പ്രശ്‌നമുണ്ടായാലും പാര്‍ട്ടി നേതൃത്വം പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിരവധി പേര്‍ മരിച്ചു വീഴുന്ന ഫലസ്തീന്‍ എന്ന ഗുരുതര വിഷയത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് സതീശന്‍ ആരോപിച്ചു. റാലി നടത്താന്‍ തീരുമാനിച്ച സി.പി.എം ഫലസ്തീനെ കുറിച്ചല്ല ചര്‍ച്ച ചെയ്യുന്നത്. അതിന്റെ മറവില്‍ മുസ്‌ലിം ലീഗ്, സമസ്ത, യു.ഡി.എഫ് എന്നിവയാണ് ചര്‍ച്ചാ വിഷയമാക്കുന്നത്. ഫലസ്തീന് ആര് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാലും കോണ്‍ഗ്രസ് അതിനെ സ്വാഗതം ചെയ്യും. പക്ഷേ, സി.പി.എം വിഷയത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണ്. സി.പി.എമ്മിന് ഫലസ്തീനിനോടുള്ള ആത്മാര്‍ഥ ഐക്യദാര്‍ഢ്യമാണ് ഉള്ളതെങ്കില്‍ എന്തിന് ലീഗിനെ മാത്രമായി ക്ഷണിക്കണം കോണ്‍ഗ്രസിനെയും യു.ഡി.എഫിലെ മുഴുവന്‍ കക്ഷികളെയും ക്ഷണിച്ചുകൂടായിരുന്നോ എന്നും സതീശന്‍ ചോദിച്ചു.
സാധാരണ രീതിയില്‍ ഉള്ള കൂടിക്കാഴ്ച മാത്രമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ചര്‍ച്ച ചെയ്തത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ മാത്രമാണ്. മലപ്പുറത്തെ കോണ്‍ഗ്രസ് ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തില്ല. ഇക്കാര്യത്തില്‍ ലീഗ് ഇതുവരെ ഇടപെട്ടിട്ടുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാവിലെയാണ് സതീശനെത്തിയത്. പാണക്കാടെത്തിയ സതീശന്‍ ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പിഎംഎ സലാം തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരനും പാണക്കാടെത്തും. വൈകുന്നേരം നാലോടെയായിരിക്കും സുധാകരനെത്തുക.