അറിയിപ്പുകള്‍
====================
വൈദ്യുതി മുടക്കം
എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (നവംബർ 29) രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ എടരിക്കോട് സബ്‌സ്റ്റേഷനിൽ നിന്നുള്ള 33 കെ.വി ഒതുക്കുങ്ങൽ ഫീഡറിലും 33 കെ.വി കൂരിയാട് ഫീഡറിലും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
——————-
തുക അനുവദിച്ചു
മഞ്ചേരി നഗരസഭയിലെ വലിയട്ടിപറമ്പ് റോഡ് പ്രവൃത്തിക്ക് വെള്ളപ്പൊക്ക ദുരിതശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി 4.9 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
————
സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് 2022ന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ 2022ലെ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബര്‍ 31നുമിടയില്‍ പ്രസിദ്ധീകരിച്ച വികസനോന്‍മുഖ റിപ്പോര്‍ട്ട്, ജനറല്‍ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം, കാര്‍ട്ടൂണ്‍ എന്നിവയ്ക്കും ഈ കാലയളവില്‍ സംപ്രേഷണം ചെയ്ത ടിവി വാര്‍ത്താ റിപ്പോര്‍ട്ട്, ക്യാമറ, വീഡിയോ എഡിറ്റിങ്, ടിവി ന്യൂസ് പ്രസന്റര്‍, മികച്ച അഭിമുഖം, സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ട് എന്നിവയ്ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. സമൂഹത്തിലെ ഗുണകരമായ കാര്യങ്ങളെ സ്പര്‍ശിക്കുന്നതും വികസനം, സംസ്‌കാരം, സാമൂഹ്യ ജീവിതം തുടങ്ങിയ രംഗങ്ങളില്‍ അനുകരണീയ മാതൃകകള്‍ പ്രകാശിപ്പിക്കുന്നതുമായ ടി.വി റിപ്പോര്‍ട്ടുകള്‍ക്കാണ് സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ടിങ് അവാര്‍ഡ് നല്‍കുന്നത്.
വികസനോന്‍മുഖ റിപ്പോര്‍ട്ടിങ്, ജനറല്‍ റിപ്പോര്‍ട്ടിങ്, കാര്‍ട്ടൂണ്‍ അവാര്‍ഡുകള്‍ക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനല്‍ കട്ടിങ്ങിന് പുറമേ മൂന്നു പകര്‍പ്പുകള്‍ കൂടി അയയ്ക്കണം. വാര്‍ത്താ ചിത്രത്തിന്റെ നാല് വലിയ പ്രിന്റുകളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു കോപ്പിയും അയക്കണം.
ടിവി വാര്‍ത്താ റിപ്പോര്‍ട്ടില്‍ മലയാളം ടിവി ചാനലുകളിലെ വാര്‍ത്താ ബുള്ളറ്റിനില്‍ സംപ്രേഷണം ചെയ്ത ഏഴുമിനിറ്റില്‍ കവിയാത്ത റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിക്കേണ്ടത്. ഒരു വാര്‍ത്ത പലഭാഗങ്ങളായി നല്‍കാതെ സമഗ്രസ്വഭാവത്തോടെ ഒരു വാര്‍ത്താ റിപ്പോര്‍ട്ടായാണ് സമര്‍പ്പിക്കേണ്ടത്. ടിവി അവാര്‍ഡുകളിലെ എന്‍ട്രികള്‍ ഡിവിഡിയിലോ (മൂന്നു കോപ്പി), പെന്‍ഡ്രൈവിലോ നല്‍കാം. എന്‍ട്രിയോടൊപ്പം ടൈറ്റില്‍, ഉള്ളടക്കം, ദൈര്‍ഘ്യം, വിവരണപാഠം എന്നിവ എഴുതി നല്‍കണം.
പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനല്‍ എന്നിവയുടെ പേര്, തിയതി, മാധ്യമപ്രവര്‍ത്തകന്റെ കളര്‍ ഫോട്ടോ, മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ ബയോഡാറ്റ എന്‍ട്രിയോടൊപ്പം മറ്റൊരു പേജില്‍ ചേര്‍ത്തിരിക്കണം. ഒരു വിഭാഗത്തിലേക്ക് ഒരു എന്‍ട്രി മാത്രമായിരിക്കും പരിഗണിക്കുന്നത്. ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എന്‍ട്രി മറ്റൊരു വിഭാഗത്തിലേക്ക് പരിഗണിക്കില്ല. കവറിന് പുറത്ത് മത്സരവിഭാഗം ഏതെന്ന് രേഖപ്പെടുത്തിയിരിക്കണം. എന്‍ട്രി അപേക്ഷകന്‍ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം.
എന്‍ട്രികള്‍ 2023 ഡിസംബര്‍ 20ന് വൈകിട്ട് അഞ്ചു മണിക്കകം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം – 695 001 എന്ന വിലാസത്തില്‍ ലഭിക്കണം. അവാര്‍ഡ് സംബന്ധിച്ച മാര്‍ഗരേഖ www.prd.kerala.gov.in ല്‍ പരിശോധിക്കാവുന്നതാണ്.
————————–
തൊഴിൽ തർക്ക കേസ് വിചാരണ
കോഴിക്കോട് ലേബർ കോടതി പ്രിസൈഡിങ് ഓഫീസർ എ.ജി സതീഷ്‌കുമാർ (ജില്ലാ ജഡ്ജ്) ഡിസംബർ 15ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽവെച്ച് തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിങിൽ വിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യും.
—————-
ഡിജിറ്റല്‍ എം.എസ്.എം.ഇ വര്‍ക്ക് ഷോപ്പ്
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഡിജിറ്റല്‍ എം.എസ്.എം.ഇ എന്ന വിഷയത്തില്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കും. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എം.എസ്.എം.ഇ ഡിസിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഏകദിന വര്‍ക്ക് ഷോപ്പ് ഡിസംബര്‍ രണ്ടിന് രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെ അങ്കമാലി ഇന്‍കെല്‍ ബിസിനസ് പാര്‍ക്കില്‍ നടക്കും. നിലവില്‍ സംരംഭം തുടങ്ങി പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്കും സംരംഭക തല്‍പരര്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ കെ.ഐ.ഇ.ഡിയുടെwww.kied.info എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി നവംബര്‍ 30ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. പ്രവേശനം സൗജന്യമാണ്. ഫോണ്‍- 04842532890, 2550322, 9946942210
——————–
സ്‌കോളർഷിപ്പ്: അപേക്ഷാ തീയതി നീട്ടി
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2023-24 അധ്യയന വർഷത്തേക്കുളള വിദ്യാഭ്യാസ സ്‌കോളർഷിപ്പ് അപേക്ഷകൾ സ്വീകരിക്കാനുള്ള അവസാന തീയ്യതി ഡിസംബർ 15 വരെ നീട്ടി. സർക്കാർ/എയ്ഡഡ്/അംഗീകൃത സെൻട്രൽ സ്‌കൂളുകൾ/ഐ.സി.എസ്.ഇ/സി.ബി.എസ്.ഇ എന്നീ സ്‌കൂൾ, കോളേജുകളിൽ വിവിധ കോഴ്‌സുകളിൽ ( എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്‌സ് വരെ) പഠിക്കുന്ന കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുക. പ്ലസ് വൺ മുതലുള്ള കോഴ്‌സുകൾക്ക് അപേക്ഷ സമർപ്പിക്കുന്നവർ പ്രസ്തുത കോഴ്‌സിന്റെ യോഗ്യത പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയവരായിരിക്കണം. സ്‌കോളർഷിപ്പിനുള്ള അപേക്ഷകൾ ബോർഡിന്റെ മലപ്പുറം ജില്ലാ ഓഫീസിൽ നിന്നും നേരിട്ടും കൂടാതെ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും (www.kmtwwfb.org) ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 15നകം മലപ്പുറം ജില്ലാ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0483 2734941.
————————-
ഗതാഗതം തടസ്സപ്പെടും
നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ വണ്ടൂർ ബ്ലോക്കിൽ തൊണ്ടി പാടാളിപ്പാറമ്പ-കോട്ടോല റോഡിൽ ഇന്ന് (നവംബർ 29)മുതൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു
—————
പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം
പൂക്കോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സി(ജെ.പി.എച്ച്.എൻ)ന്റെ ഒഴിവിലേക്ക് അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമനം നടത്തുന്നു. അഭിമുഖം ഡിസംബർ ആറിന് രാവിലെ പത്തിന് പൂക്കോട്ടൂർ പി.എച്ച്.സിയിൽ നടക്കും. പ്ലസ്ടു, രണ്ടുവർഷത്തെ ജെ.പി.എച്ച്.എൻ കോഴ്സ്, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനവും പ്രവൃത്തി പരിചയവുമുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക
————-
പി.എസ്.സി അഭിമുഖം
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(സംസ്‌കൃതം-കാറ്റഗറി നമ്പർ 614/21) തസ്തികയിലേക്കുള്ള അഭിമുഖം നാളെ (നവംബർ 30)യും ഡിസംബർ ഒന്നിനും പി.എസ്.സിയുടെ മലപ്പുറം ജില്ലാ ഓഫീസിൽവച്ച് നടക്കും. അർഹരായ ഉദ്യോഗാർഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള ഇന്റർവ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത് നിർദേശിച്ച പ്രകാരമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.