സ്വന്തമായൊരു സ്‌കൂള്‍ കെട്ടിടമെന്ന മോഹവുമായി നവകേരള സദസില്‍ വിദ്യഭ്യാസ മന്ത്രിയെ കാണാന്‍ എത്തിയ കുരുന്നുകള്‍ മനസ് നിറഞ്ഞാണ് മടങ്ങി പോയത്. ഏറനാട് നിയോജക മണ്ഡലം നവകേരള സദസ്സില്‍ പങ്കെടുക്കുമ്പോള്‍ ആണ് അരീക്കോട് ജി എം എല്‍ പി സ്‌കൂളിലെ കുഞ്ഞുങ്ങള്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ കാണാന്‍ എത്തിയത്. നാരായണന്‍ മാഷിനൊപ്പമാണ് കുട്ടികള്‍ മന്ത്രിയെ കാണാന്‍ വേദിയിലെത്തിയത്. കുട്ടികള്‍ ഒരു നിവേദനവും കൊണ്ടുവന്നിരുന്നു. നിവേദനം സ്വീകരിച്ച മന്ത്രി കുട്ടികളില്‍ നിന്നും സ്‌കൂളിലെ അധ്യാപകരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
1931 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ആണ് അരീക്കോട് ജി എം എല്‍ പി സ്‌കൂള്‍. തങ്ങളുടെ സ്‌കൂളിന് സ്വന്തമായൊരു കെട്ടിടം വേണം. 93 വര്‍ഷമായി വാടക കെട്ടിടത്തിലാണ് അരീക്കോട് വെസ്റ്റ് ജി.എം.എല്‍.പി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍പ് 400 ഓളം കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളായിരുന്നു ഇത്. സൗകര്യങ്ങള്‍ കുറഞ്ഞതോടെ കുട്ടികളുടെ എണ്ണവും കുറഞ്ഞു. നിലവില്‍ 76 കുട്ടികളും 12 അധ്യാപകരും മാത്രമാണ് ഈ സ്‌കൂളിലുള്ളത്.
കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ സ്‌കൂളിന് കെട്ടിടം പണിയാന്‍ ഫണ്ട് അനുവദിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. എന്നാല്‍ കെട്ടിടത്തിനായി ഭൂമി കണ്ടെത്തി ഏറ്റെടുക്കണം. അരീക്കോട് ഉള്‍കൊള്ളുന്ന പ്രദേശത്തെ ജനപ്രതിനിധികളും തദ്ദേശ ഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണം. ഭൂമി ലഭിക്കുന്ന മുറയ്ക്ക് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി അപേക്ഷിച്ചാല്‍ താമസം ഉണ്ടാകാതെ കെട്ടിടം അനുവദിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. അല്‍പ്പനേരം മന്ത്രിയുമായി ചെലവഴിച്ച കുട്ടികളും മാഷും മന്ത്രിയുമൊത്ത് സെല്‍ഫി എടുത്താണ് വേദിയില്‍ നിന്ന് മടങ്ങിയത്.