ഹരിത കർമ്മ സേനയ്ക്ക് അജൈവമാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്നതിന് ബി.പി.എൽ കുടുംബങ്ങളിലുള്ളവർ യൂസർ ഫീ നൽകേണ്ടതില്ലെന്നും അവരുടെ യൂസർ ഫീ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കേണ്ടതാണെന്നും കാണിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഇറക്കിയ നിർദേശം പിൻവലിച്ചു. ബി.പി.എൽ കുടുംബങ്ങളിൽപ്പെട്ടവർ യൂസർ ഫീ നൽകുന്നത് സംബന്ധിച്ച് സർക്കാരിന്റ അന്തിമ തീരുമാനം വരേണ്ടതുള്ളതിനാലാണ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നും ഇറക്കിയ നിർദേശം പിൻവലിച്ചതായി പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചത്.
നിലവിൽ അതിദാരിദ്ര്യ കുടുംബങ്ങൾ, ആശ്രയ കുടുംബങ്ങൾ എന്നിവർക്ക് മാത്രമാണ് യൂസർ ഫീ യിൽ നിന്നും ഇളവ് അനുവദിച്ചിട്ടുള്ളത്. അവരുടെ യൂസർ ഫീ അതത് തദ്ദേശഭരണ സ്ഥാപനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകണമെന്നാണ് നിർദേശം. മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി നടക്കുന്ന എല്ലാ ശുചീകരണ-മാലിന്യ നിർമാർജന പ്രവർത്തനങ്ങളിലും മുഴുവൻ കുടുംബങ്ങളും സ്ഥാപനങ്ങളും സഹകരിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ അറിയിച്ചു.