സൗദി അറേബ്യയിലെ റിയാദില്‍ നടക്കുന്ന ‘വേള്‍ഡ് ഡിഫന്‍സ് എക്‌സ്‌പോ’യില്‍ പങ്കെടുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളില്‍ നിന്നായി 350 വിദ്യാര്‍ഥികള്‍. സൈനിക പ്രതിരോധ വ്യവസായ മേഖലയിലെ ഉത്പന്ന പ്രദര്‍ശന മേളയില്‍ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട ഇന്റേണ്‍ഷിപ്പിനാണ് മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, സെന്റ് ബെനഡിക്ട് കോളേജ് എന്നിവിടങ്ങളിലെ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നത്.
ഫെബ്രുവരി നാല് മുതല്‍ എട്ടു വരെ നടക്കുന്ന അന്താരാഷ്ട്ര പ്രദര്‍ശനത്തില്‍ 46 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. പഠനത്തിന്റെ ഭാഗമായി ലഭിക്കുന്ന അന്താരാഷ്ട്ര പരിശീലന അവസരങ്ങള്‍ വിദ്യാര്‍ഥികളുടെ തൊഴില്‍ വളര്‍ച്ചക്ക് ഗുണം ചെയ്യുമെന്ന് യാത്രയയപ്പ് ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു.
വിമാന ടിക്കറ്റ് വിതരണോദ്ഘാടനം സെനറ്റംഗം വി.എസ്. നിഖില്‍ നിര്‍വഹിച്ചു. യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഡോ. ടോമി ആന്റണി, ചെതലയം ഗോത്രവര്‍ഗ പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ സി. ഹരികുമാര്‍, പ്ലേസ്‌മെന്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. അപര്‍ണ സജീവ്, ഫാ. ചെറിയാന്‍ ആഞ്ഞിലി മൂട്ടില്‍, ഫാ. ലാലു ഊലിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.