തിരൂരങ്ങാടി : കുണ്ടൂര്‍ പി. എം. എസ്. ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വച്ചു നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയേറ്റ് ക്രോസ്‌കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ സെന്റ്.തോമസ് കോളേജ് തൃശ്ശൂരും വനിതാ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയും ചാമ്പ്യന്‍മാരായി. മത്സരങ്ങള്‍ രാവിലെ 6:30 ന് താനൂര്‍ സബ്- ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ജലീല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
പുരുഷ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയും ഗവണ്മെന്റ് വിക്ടോറിയ കോളേജ് പാലക്കാടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.വനിതാ വിഭാഗത്തില്‍ വിമല കോളേജ് തൃശ്ശൂരും ഗവണ്മെന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് കോഴിക്കോടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പുരുഷ വിഭാഗത്തില്‍ സെന്റ്. തോമസ് കോളേജിലെ കെ. അജിത്ത് വ്യക്തിഗത ചാമ്പ്യനായി. അതേ കോളേജിലെ എം.പി നബീല്‍ സഹി രണ്ടാം സ്ഥാനവും ക്രൈസ്റ്റ് കോളേജിലെ എന്‍.വി അമിത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ മേഴ്സി കോളേജിന്റെ വി. രഞ്ജിത വ്യക്തിഗത ചാമ്പ്യനായി. ക്രൈസ്റ്റ് കോളേജിന്റെ ബി.സുപ്രിയ, എം.ആര്‍ അഖില എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ചാമ്പ്യന്‍ഷിപ്പ് മത്സര – സമാപന ചടങ്ങില്‍ പി.എം.എസ്. ടി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. വി.പി സക്കീര്‍ ഹുസൈന്‍ ട്രോഫികള്‍ കൈമാറി. ചടങ്ങില്‍ കോളേജ് മാനേജര്‍ എന്‍ പി.ആലി ഹാജി, എം.സി ഹംസക്കുട്ടി ഹാജി, ക്യാപ്റ്റന്‍ ഷുക്കൂര്‍ ഇല്ലത്ത്, ഡോ. സി.രാജേഷ്,ഡോ. ബിന്ദു ടി കല്യാണ്‍, ഡോ. ശ്രീജിത്ത് രാജ്, ഇ.കെ അനീസ് അഹമ്മദ്, ഡോ.കെ.യാസിര്‍,പി.സിറാജ്ജുദ്ധീന്‍ , മുഹമ്മദ് മസൂദ്, മുഹമ്മദ് ഫാഹിസ് എന്നിവര്‍ സംസാരിച്ചു.