മലപ്പുറം : 2023-24 സാമ്പത്തിക വർഷത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഫണ്ട് വിനിയോഗം വിലയിരുത്തുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു. ജില്ലാ പഞ്ചായത്തുകളിൽ 43.52% ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്താണ്. നഗരസഭകളിൽ 52.05% ചെലവഴിച്ച് പെരിന്തൽമണ്ണ നഗരസഭ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തു 48.24% ചെലവഴിച്ച് പൊന്നാനി നഗരസഭ രണ്ടാം സ്ഥാനത്തുമാണ്. ഗ്രാമ പഞ്ചായത്തുകളിൽ 54.23% ചെലവഴിച്ച തിരുവാലി ഗ്രാമ പഞ്ചായത്ത് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനത്താണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ 48.57% ചെലവഴിച്ച മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാന തലത്തിൽ പതിനൊന്നാം സ്ഥാനത്തുമാണ്.
2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതികൾ എത്രയും പെട്ടെന്ന് ചെലവഴിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതി യോഗം എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. ഡി.പി.സി ചെയർപേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എം.കെ. റഫീഖ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ എ. എം സുമ, ഡി.പി.സി മെമ്പർമാർ, ജില്ലാതല ഉദ്യോഗസ്ഥർ. തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. ജില്ലാ ആസൂത്രണ സമിതിയുടെ അടുത്ത യോഗം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.