തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥിപ്പട്ടികയായി. വയനാട്ടില്‍ രാഹുല്‍ ആനി രാജയാണ് സ്ഥാനാര്‍ത്ഥിയാകുക. ജില്ലാ കൌണ്‍സിലിന്റെ എതിര്‍പ്പ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തളളിയതോടെ മാവേലിക്കര സിഎ അരുണ്‍ കുമാര്‍ തന്നെ മത്സരിക്കും. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും തൃശ്ശൂരില്‍ വി.എസ്. സുനില്‍കുമാറും മത്സരിക്കും. സിപിഐ എക്‌സിക്യൂട്ടിവില്‍ സ്ഥാനാര്‍ത്ഥികളില്‍ തീരുമാനമായി. വൈകിട്ട് മൂന്നു മണിക്ക് സിപിഐ കൗണ്‍സില്‍ യോഗം ചേര്‍ന്ന് പ്രഖ്യാപനമുണ്ടാകും.
മാവേലിക്കര ലോക്‌സഭ മണ്ഡലത്തില്‍ ആരാകും സ്ഥാനാര്‍ത്ഥിയാകുകയെന്നതായിരുന്നു സസ്‌പെന്‍സ്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉള്‍പ്പെടെ മൂന്നു പേരുടെ സാധ്യത സ്ഥാനാര്‍ത്ഥി പട്ടിക സിപിഐ കൊല്ലം ജില്ലാ കൗണ്‍സില്‍ തയ്യാറാക്കിയിരുന്നു. സിപിഐ സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി. എ.അരുണ്‍കുമാറിനെ പരിഗണിക്കാതെയും ഉള്‍പ്പെടുത്താതെയുമായിരുന്നു കൊല്ലം ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നല്‍കിയത്. മാവേലിക്കരയില്‍ സി.എ. അരുണ്‍കുമാറിന്റെ പേരിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ജില്ലാ കൗണ്‍സില്‍ അംഗവും മന്ത്രി പി.പ്രസാദിന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറിയുമാണ് സി.എ.അരുണ്‍കുമാര്‍. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പേരും ജില്ലാ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ പട്ടിക പൂര്‍ണമായും തളളിയാണ് അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.