മലബാറിലെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണം : വി.ഡി സതീശന്‍

തിരൂരങ്ങാടി: മലബാറിലെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സൗകര്യം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കെ.പി.എ മജീദ് എം.എല്‍എയുടെ വിദ്യഭ്യാസ പദ്ധതിയായ ഉയരെയുടെ ഭാഗമായി തിരൂരങ്ങാടിയിലെ മുഴുവന്‍ 879 എ പ്ലസുകാരെയും ആദരിക്കുന്ന വിക്ടേഴ്‌സ് മീറ്റ്-2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വിദ്യാര്‍ത്ഥി അനുപാതികമായ ബാച്ചും കൂടുതല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും മലബാറില്‍ അനുവദിക്കണം. വലിയ വിവേചനമാണ് സര്‍ക്കാര്‍ മലബാറിനോടും ജില്ലയോടും തുടരുന്നത്. മുഴുവന്‍ എ പ്ലസ് നേടിയവര്‍ക്ക് പോലും ആഗ്രഹിക്കുന്ന കോഴ്‌സ് ആഗ്രഹിക്കുന്ന സ്ഥാപനത്തില്‍ പഠിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിനെതിരെ യു.ഡി.എഫ് ശക്തമായ സമരത്തിനൊരുങ്ങുകയാണെന്നും അവഗണന അവസാനിപ്പിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ക്കായി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി നടപ്പിലാക്കി വരുന്ന ഉയരെ പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഉയരെ പ്രൊജക്ടിന്റെ ഭാഗമായി വിവിധ മല്‍സര പരീക്ഷകള്‍, സ്‌കൂളുകളുടെ ഉയര്‍ച്ച, അടിസ്ഥാന സൗകര്യ വികസനം, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ പരിശീലനങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളുടെ പരിശീലനം, മത്സര പരീക്ഷകളുടെ പരിശീലനം, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ട്രെയിനിങ്, വിദ്യാര്‍ത്ഥികളുടെ ഉപരിപഠന മേഖലകളെ കുറിച്ച് കൃത്യമായ അവബോധം നല്‍കാന്‍ കഴിയുന്ന കരിയര്‍ ഗൈഡന്‍സ് ഉള്‍പ്പെടെ നല്‍കാനായി. ഉയരെ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശീലനത്തിലൂടെ 32 വിദ്യാര്‍ത്ഥികള്‍ക്കായി 1536000 രൂപയുടെ സ്‌കോളര്‍ഷിപ്പ് എന്‍.എം.എം.എസിലൂടെ നേടിയെടുക്കാന്‍ സാധിച്ചു. ഈ വര്‍ഷത്തിലും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം പരീശീലനവും ക്ലാസുകളും നല്‍കുമെന്നും ചടങ്ങില്‍ ആധ്യക്ഷനായ കെ.പി.എ മജീദ് പറഞ്ഞു.

ഉച്ചക്ക് രണ്ട് മണി മുതല്‍ പൂക്കിപറമ്പ് ലൈവ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മുന്‍ വിദ്യഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് മുഖ്യപ്രഭാഷണം നടത്തി. സിനിമ പിന്നണി ഗായകരായ സല്‍മാനും ബാദുഷയും ചടങ്ങില്‍ മുഖ്യാഥിതികളായി. ചടങ്ങില്‍ മണ്ഡലത്തിലെ 879 വിദ്യാര്‍ത്ഥികളെയും 27 വിദ്യഭ്യാസ സ്ഥാപനങ്ങളെയും ഉയരെ പദ്ധതിയിലൂടെ മികച്ച വിജയം നേടിയ 32 വിദ്യാര്‍ത്ഥികളെയും ഉപഹാരം നല്‍കി ആദരിച്ചു.

ചടങ്ങില്‍ പി.കെ നവാസ്, ഡോ.അബ്ദുല്‍ അസീസ്, സി.എച്ച് മഹ്‌മൂദ് ഹാജി, കെ കുഞ്ഞിമരക്കാര്‍, സിദ്ധീഖ് പനക്കല്‍, യു.കെ മുസ്തഫ മാസ്റ്റര്‍, എ.കെ മുസ്തഫ, വി.എം മജീദ്, ബി.കെ സിദ്ധീഖ്, സി.ടി നാസര്‍, സി.കെ.എ റസാഖ്, എം.പി കുഞ്ഞിമൊയ്തീന്‍, റഫീഖ് പാറക്കല്‍, ഷരീഫ് വടക്കയില്‍, യു.എ റസാഖ്, കെ.വി സലാഹുദ്ധീന്‍ തെന്നല, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.കെ ഷംസു, സലീന കരുമ്പില്‍, തസ്്ലീന ഷാജി പാലക്കാട്ട്, എന്‍.വി മൂസക്കുട്ടി, പി.പി അഫ്സല്‍, പി.എം സാലിം, പി.കെ അസറുദ്ധീന്‍, നിശാമുദ്ധീന്‍ പെരുമണ്ണ, മുസ്തഫ കളത്തിങ്ങല്‍, നബീസു മാതോളി പ്രസംഗിച്ചു.

error: Content is protected !!