Sunday, August 17

വളയിട്ട കൈകള്‍ കാമറ ചലിപ്പിച്ചു ; സാമൂഹിക ജീര്‍ണ്ണതകള്‍ക്കെതിരെ ഹ്രസ്വ സിനിമകളൊരുക്കി അധ്യാപക വിദ്യാര്‍ഥികള്‍

തിരൂരങ്ങാടി: വളയിട്ട കൈകള്‍ കാമറചലിപ്പിച്ചു. സഹപാഠികള്‍ അഭിനയിച്ചു. അധ്യാപക വിദ്യാര്‍ഥികള്‍ചേര്‍ന്നൊരുക്കിയ ഹ്രസ്വ സിനിമകള്‍ സാമൂഹിക ജീര്ണതകള്‍ക്കെതിരെയുള്ള പ്രതിരോധത്തിന്റെ സന്ദേശമായി മാറി. തിരൂരങ്ങാടി എസ്.എം.ഒ.ഐ.ടി.ഇയിലെ അധ്യാപക വിദ്യാര്‍ഥികളാണ് നാല് ഹ്രസ്വ സിനിമകള്‍ ഒരുക്കിയത്.സമൂഹത്തിലെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യുന്നതും മാനവിക മൂല്യങ്ങള്‍ക്ക് ഊന്നല്‍നല്‍കുന്നതുമാണ് നാല് ചിത്രങ്ങളും.പ്രമേയങ്ങളിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തുമ്പോള്‍ത്തന്നെ പുതിയ കാലത്തെ കുട്ടികള്‍ അനുഭവിക്കുന്ന അമിത ഭാരവും മാനസിക സംഘര്‍ഷവും നാല് സിനിമകളിലും നിഴലിച്ചു.

നാല്‍പ്പത് അധ്യാപകവിദ്യാര്‍ഥികള്‍ നാല് ഗ്രൂപ്പുകളായിത്തിരിഞ്ഞാണ് പത്ത് മിനുട്ടോളം ദൈര്‍ഘ്യമുള്ള നാല് ചിത്രവും ഒരുക്കിയത്. കഥയും, തിരക്കഥയും, സംവിധാനവും, എഡിറ്റിങും, പശ്ചാത്തല സംഗീതവും, കാമറയും, അഭിനയവും എല്ലാം നിര്‍വഹിച്ചിട്ടുള്ളതും അധ്യാപക വിദ്യാര്‍ഥികള്‍ തന്നെയാണ്. മലയാളം ക്ലബ്ബിന്റെ കീഴില്‍ നടന്ന പ്രദര്‍ശനം ഡോക്യുമെന്ററി സംവിധായകന്‍ മുഷ്താഖ് കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ കെ.കെ ഉസ്മാന്‍ മാസ്റ്റര്‍ അധ്യക്ഷനായി.അധ്യാപകരായ സി മൂസക്കുട്ടി,കെ നസീക്, കെ.ടി ഹനീഫ, മിന്‍ഹ മുജീബ്,കെ.സി സാഹില,നൂര്‍ജഹാന്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!