തിരൂരങ്ങാടി : സംസ്ഥാന കായകല്‍പ്പ് അവാര്‍ഡില്‍ മലപ്പുറം ജില്ലയക്ക് വിജയത്തിളക്കം. ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ക്കായി ഒരു കോടിയോളം രൂപയുടെ സമ്മാനമാണ് ലഭിച്ചത്. മലപ്പുറത്തിന്റെ ആരോഗ്യമേലയുടെ വളര്‍ച്ച സൂചിപ്പിക്കുന്നതാണ് മലപ്പുറത്തിന് ലഭിച്ച കായകല്‍പ്പ് അവാര്‍ഡ്. സംസ്ഥാനതലത്തില്‍ ജില്ലാ ആശുപത്രികളില്‍ 91.75 ശതമാനം മാര്‍ക്ക് നേടി പൊന്നാനി ഡബ്ല്യൂ ആന്റ് സി ആശുപത്രി ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാര്‍ഡിന് അര്‍ഹരായി. അതു കൂടാതെ പൊന്നാനി ഡബ്ല്യു ആന്റ് സിക്ക് 94.74 ശതമാനം മാര്‍ക്കോടെ പരിസ്ഥിതി സഹൃദ ആശുപത്രിക്കുളള 10 ലക്ഷം രൂപയുടെ അവാര്‍ഡും ലഭിച്ചു. സംസ്ഥാതലത്തില്‍ ജില്ലാആശുപത്രികളില്‍ 88.21 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ നിലമ്പൂര്‍ ജില്ലാ ആശുപത്രി കരസ്ഥമാക്കി. സംസ്ഥാനതലത്തില്‍ സബ് ജില്ലാആശുപത്രികളില്‍ രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപ തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി 87.44 ശതമാനം മാർക്കോടെ കരസ്ഥമാക്കി.
സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), പ്രാഥമികാരോഗ്യ ക്രേന്ദങ്ങള്‍ (പി.എച്ച്.സി.), നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങള്‍ (യു.പി.എച്ച്.എസി), ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ (എച്ച്. ഡബ്ല്യൂ.സി.സബ്സെന്റര്‍) എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ഏററവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗങ്ങളെ 3 ക്ലസ്റ്റര്‍ ആയി തിരിച്ചാണ് അവാര്‍ഡ് നല്‍കിയത്. അതില്‍ മൂന്നാം ക്ലസ്റ്ററില്‍ അര്‍ബന്‍ മംഗലശ്ശേരി പ്രൈമറി ഹെല്‍ത്ത് സെൻ്റർ (93.97%) രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ കരസ്ഥമാക്കി. നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ബിയ്യം മലപ്പുറം (92.91%) ഇരവിമംഗലം അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (92.80%), 50000 രൂപ കമന്റേഷന്‍ അവാര്‍ഡ് തുകയ്ക്ക് അര്‍ഹരായി. പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ ജില്ലതലത്തില്‍ എഫ്എച്ച്സി അമരംബലം 91.4 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനവും 2ലക്ഷം രൂപയുടെ അവാര്‍ഡും സ്വന്തമാക്കി. കോട്ടക്കല്‍ എഫ്എച്ച്സി 89 ശതമാനം, പരപ്പനങ്ങാടി എഫ്എച്ച്സി 81 ശതമാനം മാര്‍ക്ക് നേടി 50000 രൂപയുടെ കമന്റേഷന്‍ അവാര്‍ഡ് നേടി. ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ക്കുളള ജില്ലാതലത്തില്‍ അത്താണിക്കല്‍ എച്ച് ഡബ്ല്യുസി 90.8 ശതമാനം മാര്‍ക്കോടെ 1 ലക്ഷം രൂപയുടേയും കെ പുരം എച്ച്ബ്ല്യുസി 84.6 ശതമാനം മാര്‍ക്കോടെ 50000 രൂപയുടേയും നിറമരുതൂര്‍ എച്ച് ഡബ്ല്യുസി 81.7 ശതമാനം മാര്‍ക്കോടെ 35000 രൂപയുടേയും അവാര്‍ഡ് സ്വന്തമാക്കി.