വയനാട് ദുരന്തം ; 1.5 കോടിയുടെ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്, 48 പേര്‍ക്ക് വിദേശത്ത് ജോലി

വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് 1.5 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. പൂര്‍ണമായും ദുരിതബാധിതരെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച 691 കുടുംബങ്ങള്‍ക്ക് 15,000 രൂപ നാളെ മുതല്‍ വിതരണം ചെയ്യും. കടകള്‍ പൂര്‍ണമായി നഷ്ടപ്പെട്ട 40 വ്യാപാരികള്‍ക്ക് 50,000 രൂപ, ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട 4 പേര്‍ക്ക് ടാക്‌സി, ജീപ്പ് എന്നിവയും 3 പേര്‍ക്ക് ഓട്ടോറിക്ഷകളും നല്‍കും. ദുരിതമേഖലയിലുള്ളവര്‍ക്കു വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു ഗള്‍ഫിലെ കമ്പനികളില്‍ ജോലി നല്‍കും. ആവശ്യമായവര്‍ക്ക് വിദ്യാഭ്യാസ ചികിത്സാ സഹായവും നല്‍കും. ദുരിതബാധിതര്‍ക്കായി 100 വീടുകളുടെ നിര്‍മാണം സര്‍ക്കാര്‍ അറിയിപ്പു വന്ന ഉടന്‍ തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. അടിയന്തര ധനസഹായത്തിന് അപേക്ഷ നല്‍കേണ്ടതില്ല. സര്‍ക്കാര്‍ പുറത്തു വിട്ട പട്ടിക പ്രകാരമുള്ളവരെ മുന്‍കൂട്ടി വിവരം അറിയിച്ച് നാളെ മുതല്‍ വിതരണം ആരംഭിക്കും.

സ്ഥലം സര്‍ക്കാര്‍ കണ്ടെത്തിത്തരികയാണെങ്കില്‍ അവിടെ വീടു നിര്‍മിക്കും. സ്വന്തമായി സ്ഥലം കണ്ടെത്തി നിര്‍മിക്കാന്‍ അനുമതി നല്‍കുകയാണെങ്കില്‍ അങ്ങനെ ചെയ്യും. 8 സെന്റില്‍ കുറയാത്ത ഭൂമിയില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണു തീരുമാനിച്ചിട്ടുള്ളത്. സര്‍ക്കാരുമായും സഹായം പ്രഖ്യാപിച്ച വിവിധ സന്നദ്ധ സംഘടനകളുമായും കൂടിയാലോചിച്ച ശേഷമായിരിക്കും വീടുകള്‍ക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.

നിര്‍മാണം കൃത്യമായ കാലയളവില്‍ തന്നെ പൂര്‍ത്തിയാക്കും. ദുരിതബാധിത മേഖലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യുഎഇയിലെ വിവിധ കമ്പനികളില്‍ ജോലി ലഭിക്കാന്‍ യുഎഇ കെഎംസിസിയുമായി ബന്ധപ്പെട്ട് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ 48 പേരുടെ അഭിമുഖം നടത്തി പട്ടിക തയാറാക്കിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കും യോഗ്യതയനുസരിച്ചു രണ്ടു മാസത്തിനുള്ളില്‍ വിദേശത്തു ജോലി ഉറപ്പാക്കും.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ആരംഭിച്ച ഡിജിറ്റല്‍ ഫണ്ട് കലക്ഷന്‍ 31ന് അവസാനിപ്പിക്കും. ഇതുവരെ 27 കോടി രൂപ സ്വരൂപിച്ചു.

പി.കെ.ബഷീര്‍ എംഎല്‍എ, സി.മമ്മൂട്ടി, യൂത്ത് ലീഗ് നേതാക്കളായ പി.െക.ഫിറോസ്, പി.ഇസ്മയില്‍, ടിപിഎം ജിഷാന്‍ എന്നിവരുടെ േനതൃത്വത്തില്‍ വയനാട് ജില്ലാ കമ്മിറ്റി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. ദുരിതബാധിതരുടെ നിയമ കാര്യങ്ങള്‍ക്കു ലോയേഴ്‌സ് ഫോറത്തിന്റെ സഹായം ഉറപ്പാക്കും. ദുരന്തഭൂമിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിലും സംസ്‌കരിക്കുന്നതിലും ലീഗ് നടത്തിയ രക്ഷാ പ്രവര്‍ത്തനം തുല്യതയില്ലാത്തതാണെന്നും ഇതുവരെ ഒന്നര കോടി രൂപയുടെ സഹായങ്ങള്‍ കലക്ഷന്‍ സെന്ററുകള്‍ വഴി വിതരണം ചെയ്‌തെന്നും ദേശീയ ജനറല്‍സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം എന്നിവര്‍ പറഞ്ഞു.

error: Content is protected !!