മലപ്പുറം : ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് മങ്കിപോക്സെന്ന് സംശയം. ഇയാളെ രോഗ ലക്ഷണത്തോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു. യുവാവ് തുടക്കം മുതല്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നു. പരിശോധനഫലം വന്നിട്ടില്ല.
ദുബായില്‍നിന്നു നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്. ഇന്നലെ രാവിലെയാണ് ആശുപത്രിയിലെ ത്വക്രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്തു ചിക്കന്‍പോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.