ഷുക്കൂര്‍ വധക്കേസ് : നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരും : പിഎംഎ സലാം

മലപ്പുറം : ഷുക്കൂര്‍ വധക്കേസില്‍ നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മണിക്കൂറുകളോളം വിചാരണ നടത്തി സി.പി.എമ്മിന്റെ പാര്‍ട്ടി കോടതി വധശിക്ഷ വിധിച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിത്. ഈ കൊലപാതകത്തില്‍ ഉന്നത നേതാക്കളുടെ ഗൂഢാലോചനയുണ്ട് എന്നത് ഞങ്ങളുടെ വാദമല്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. ആ യാഥാര്‍ത്ഥ്യം കോടതിക്കും ബോധ്യപ്പെട്ടു എന്നാണ് വിടുതല്‍ ഹര്‍ജി തള്ളിയ നടപടിയില്‍നിന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജയരാജന്റെ വാഹനത്തിന് കല്ലെറിഞ്ഞു എന്ന ഒരു വ്യാജ ആരോപണമുണ്ടാക്കിയാണ് കൗമാരം വിടാത്ത കുട്ടിയെ ക്രൂരമായി കൊന്നത്. ഈ കേസില്‍നിന്ന് അങ്ങനെ എളുപ്പത്തില്‍ വിടുതല്‍ നേടാമെന്ന് ജയരാജനും രാജേഷും കരുതേണ്ടതില്ല. തളിപ്പറമ്പ് ആശുപത്രിയില്‍ റൂം നമ്പര്‍ 315ല്‍ വെച്ച് ജയരാജന്റെയും രാജേഷിന്റെയും നേതൃത്വത്തില്‍ നടന്ന ഗൂഢാലോനയില്‍ പങ്കെടുത്ത രണ്ട് പേര്‍ ഷുക്കൂര്‍ കൊലപാതകത്തില്‍ നേരിട്ട് ഉള്‍പ്പെട്ടതിന്റെ ഡാറ്റയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളുമുണ്ട്. ഈ ഗൂഢാലോചന നേരിട്ട് കണ്ട ദൃക്‌സാക്ഷികളുടെ മൊഴികളുമുണ്ട്. വിചാരണ നടത്തി കുറ്റക്കാരെ ശിക്ഷിക്കുന്നത് വരെ മുസ്ലിംലീഗ് നിയമ പോരാട്ടം തുടരും. വളരെ ഗൗരവത്തിലാണ് പാര്‍ട്ടി ഈ കേസിനെ സമീപിച്ചത്. ഇനിയുള്ള ദിവസങ്ങളിലും അതേ ഗൗരവത്തില്‍ കേസ് നടത്തിപ്പ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!