തിരുവനന്തപുരം : അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്ത് തട്ടാനെത്തുന്നു. ടീം അടുത്ത വര്‍ഷമാകും കേരളത്തിലെത്തുക. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് സൂചന. മെസ്സി കളിക്കാനെത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മെസ്സിയുടെ കാര്യത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാകും അന്തിമ തീരുമാനം എടുക്കുക. കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ബുധനാഴ്ച മാധ്യമങ്ങളെ കണ്ട് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും. കേരളത്തില്‍ രണ്ട് മത്സരങ്ങളാകും ടീം കളിക്കുക. ഏഷ്യയിലെ പ്രമുഖ രണ്ട് ടീമുകളാകും അര്‍ജന്റീനയുമായി കളിക്കുക. മത്സരം നടത്തുന്ന വേദിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. വേദി തീരുമാനിക്കപ്പെട്ടാല്‍ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അധികൃതര്‍ എത്തി ഗ്രൗണ്ട് പരിശോധിക്കും.
നേരത്തേ സെപ്റ്റംബറില്‍ സ്‌പെയിനിലെത്തി മന്ത്രിയും സംഘവും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടീം വരുന്ന സമയവും വേദിയും പിന്നീട് തീരുമാനിക്കുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്. മത്സര നടത്തിപ്പിനായി ഭീമമായ തുകയാകും ആവശ്യംവരിക. നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സ്‌പോണ്‍സര്‍ വഴിയാകും കണ്ടെത്തുക. കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇമെയില്‍ സന്ദേശമയച്ചതായി മന്ത്രി വി. അബ്ദുറഹിമാന്‍ 2024 ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. 2025 ഒക്ടോബറില്‍ കേരളത്തിലെത്താനാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീം സന്നദ്ധത അറിയിച്ചതെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്.